വായന വാരം പറഞ്ഞു തരുന്നത്‌

0
1741


രാജന്‍ കൊടക്കാട്‌
വായിച്ചാലും, വായിച്ചില്ലെങ്കിലും മനുഷ്യന്‍ വളരും. പക്ഷേ വായിച്ചു വളരുകയാണെങ്കില്‍ വിളഞ്ഞുവരും. വായിക്കാതെയാണ്‌ വളരുന്നതെങ്കില്‍ വളഞ്ഞുവരും എന്നാണ്‌ പണ്ഡിത മതം. വായനയ്‌ക്ക്‌ ഭക്ഷണത്തേക്കാള്‍ പ്രസക്തിയുണ്ടെന്ന്‌ നമ്മുടെ യുവതലമുറയെ നോക്കിയാല്‍ നമുക്ക്‌ മനസിലാകും. വായിക്കുകയും, അറിവുനേടുകയും അതുവഴി തിരിച്ചറിവുണ്ടാവുകയും വേണമെന്ന്‌ അനുനിമിഷം നാം അറിഞ്ഞിരിക്കുകയാണ്‌. മുഖ്യധാത വിദ്യാഭ്യാസത്തില്‍ നിന്നകന്നവരെപ്പോലും, വായനയുടെ ലോകത്തേക്ക്‌ കൈപിടിച്ചു നടത്തിയ, വായനയുടെ മഹത്വം എന്തെന്ന്‌ മലോകരെ ജീവിതം കൊണ്ട്‌ മനസ്സിലാക്കിച്ച ഗുരുവാണ്‌ പി.എന്‍. പണിക്കര്‍. അദ്ദേഹത്തെ ഓര്‍മ്മിക്കുകയും അദ്ദേഹം ചെയ്‌തുവെച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനുവേണ്ടിയാണ്‌ വായനവാരം നമ്മള്‍ ആഘോഷിക്കുന്നത്‌.
അറിവ്‌ സമ്പാദിക്കേണ്ടത്‌ മനുഷ്യരുടെ ആവശ്യമാണ്‌. അറിവില്ലാത്തവന്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ അവന്‌ തന്നെ അറിയില്ല. അറിയാതെ മനുഷ്യന്‍ പലതും ചെയ്‌തുകൊണ്ടിരിക്കുന്നത്‌ നിത്യേനയെന്നോണം നാം കാണുന്നില്ലേ. ചെറുപ്പക്കാരിലെ ദുശ്ശീലങ്ങളും, ദുര്‍ന്നടപ്പുകളും ഒരു പരിധിവരെ വായനയുടെ അഭാവമാണ്‌. വായന ഒരു ദിവ്യ ഔഷധമാണ്‌. ഒരു പാടുകാര്യങ്ങള്‍ പുസ്‌തകങ്ങളിലൂടെ നാം അറിയുന്നു. അക്ഷര ലോകത്തിലൂടെ സഞ്ചരിച്ച മഹാമനുഷ്യരുടെ കൃതികള്‍ നിധികളെപ്പോലെയാണ്‌. ഒരുപാട്‌ നാളത്തെ വായനയുടെയും അനുഭവങ്ങളുടെയും കൈയൊപ്പുകളായ പുസ്‌തകങ്ങള്‍ നമുക്ക്‌ വിചാരിക്കാന്‍ പറ്റാത്ത രീതിയിലുള്ള അനുഭവ സാമ്രാജ്യം ഒരുക്കിത്തരുന്നു.
നിത്യേനയുള്ള പത്രം വായനയില്‍ തുടങ്ങുന്ന നമ്മുടെ വായനയുടെ ജാലകം. ലോകത്തിനുമുമ്പിലേക്ക്‌ തുറന്നുപിടിച്ച കണ്ണാടിയാണ്‌ ഓരോവായനയും. നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളും അയല്‍ പ്രദേശങ്ങളില്‍ നടക്കുന്ന കാര്യങ്ങളും നമ്മള്‍ അറിയാതെ പോകരുത്‌. അതിന്‌ വായനയെക്കാള്‍ നല്ല വഴിയില്ല. ഇന്ന്‌ ലോകത്ത്‌ പ്രശസ്‌തയായവര്‍ എല്ലാവരും വായനയിലൂടെ മഹത്വം മനസ്സിലാക്കി പ്രവര്‍ത്തിച്ചവരാണ്‌. വായിക്കാതെയും വായിക്കപ്പെടാതെയും ആരും തന്നെ പ്രശസ്‌തനായിട്ടില്ല. അടുക്കുംതോറും മാറ്റ്‌ വര്‍ദ്ധിപ്പിക്കുന്ന അവിസ്‌മരണീയമായ ഒരു അനുഭൂതിയാണ്‌ വായന നമുക്ക്‌ നല്‍കുന്നത്‌. വായിക്കുന്നവന്‌ മാത്രമേ എഴുതാനും പറയാനും സാധിക്കുകയുള്ളൂ. നല്ല വായനയിലൂടെ ഒരു പാട്‌ കാര്യങ്ങള്‍ അവന്‌ ലഭിക്കുന്നു. സന്ദര്‍ഭത്തിനനുസരിച്ച്‌ അവനത്‌ പ്രയോഗിക്കാന്‍ പറ്റുന്നു. വായന ഒരു ഉപദേശിയും വഴികാട്ടിയുമാകുന്നു. അവനവന്‌ അറിയാത്ത നിരവധി ജീവിതരഹസ്യങ്ങള്‍ പറഞ്ഞു തരുന്നത്‌ നല്ല പുസ്‌തകങ്ങളാണ്‌. ഒരു പുസ്‌തകം വായിക്കുന്നതിലൂടെ ഒരുകാലഘട്ടത്തെയും ആ സമയത്തെ ജീവിത ചര്യകളും വായനക്കാരന്‍ അറിയുന്നു. ഒരു കാലത്തെ സംഭാഷണ രീതിയും, വസ്‌ത്രധാരണവും, ആചാരാനുഷ്‌ഠാനങ്ങളും ദിനചര്യകളും എല്ലാം അവന്‌ മനസിലാകുന്നു. അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്നതുവഴി കൂടുതല്‍ കൂടുതല്‍ അറിയാന്‍ ഒരുവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നല്ല പുസ്‌തകങ്ങള്‍.ഇന്നത്തെ കുട്ടികളില്‍ കാണുന്ന പ്രകടമായ അനുസരണക്കേട്‌ വായനയുടെ അഭാവം കൊണ്ടുണ്ടായതാണ്‌. വായനാശീലമുള്ള ഒരു കുട്ടിയും മാതാപിതാക്കളെയും ഗുരുനാഥന്‍മാരെയും അനുസരിക്കാതിരിക്കില്ല. അനുസരണയും അച്ചടക്കവും ജീവിതത്തിലങ്ങോളം വേണ്ടതാണ്‌ എന്ന്‌ ഓരോ കുട്ടിയും മനസിലാക്കാന്‍ മഹാന്‍മാരുടെ ജീവിത കൃതികള്‍ വായിക്കണം. ഒരു മനുഷ്യന്‍ ഉന്നതിയിലെത്തിയതിന്‌ പിന്നില്‍ എത്രകാലത്തെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനമുണ്ടെന്ന്‌ അവനറിയണം. അതിന്‌ വായനയല്ലാതെ മറ്റ്‌ വഴികളില്ല. പറഞ്ഞുകൊടുക്കുന്നതിനേക്കാള്‍ ഗുണം ചെയ്യും സ്വന്തമായി എന്തെങ്കിലും വായിച്ചു മനസിലാക്കിയാല്‍.
പാഠപുസ്‌തകങ്ങള്‍ക്കപ്പുറത്തേക്ക്‌ പോകാത്ത കുട്ടികള്‍, പുറത്തിറങ്ങിയാല്‍ നന്നേ ബുദ്ധിമുട്ടും. സ്വന്തം നാടിന്റെ സ്ഥിതിയെക്കുറിച്ചും അന്നന്ന്‌ ലോകത്ത്‌ നടക്കുന്ന കാര്യങ്ങളും `അപ്‌റ്റുഡേറ്റായി’ അറിയാത്തവരെ ആളുകള്‍ക്ക്‌ വിലയില്ലാത്ത കാലമാണിന്ന്‌. ഒരു മനുഷ്യന്‍ `ലൈവ്‌’ ആകണമെങ്കില്‍ സാമാന്യമായ ലോക വിവരം ആവശ്യമാണ്‌. അതിന്‌ അന്നന്നത്തെ പത്രം വായന അത്യാവശ്യമാണ്‌.
വായന ഒരു ലഹരിയാണ്‌. അടുക്കുന്തോറും കൂടുതല്‍ കൂടുതല്‍ ആനന്ദം തരുന്ന ഒരു പ്രവൃത്തിയാണ്‌ വായന. എല്ലാ എഴുത്തുകാരും നല്ല വായനക്കാരായിരിക്കും. പട്ടിണിയായ്‌ മനുഷ്യന്‌ പുത്തന്‍ ഒരു ആയുധമാണത്‌. ജീവിതത്തിലേക്ക്‌, ഉയര്‍ച്ചകളും താഴ്‌ചകളും വേര്‍തിരിച്ച്‌ കണ്ട്‌ ജീവിക്കാന്‍ മനുഷ്യനെ പാകപ്പെടുത്തുന്ന ശുദ്ധിയുടെ വഴിത്താരയാണ്‌ എല്ലാ വായനകളും.കുട്ടിക്കാലം മുതല്‍ തന്നെ വായന ശീലമാക്കണം. പാഠപുസ്‌തകത്തിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും തുടങ്ങുന്ന വായന വളര്‍ന്ന്‌ വികസിച്ച്‌ പുസ്‌തക ശേഖരണങ്ങളിലേക്കും ഗ്രന്ഥശാലാപ്രവര്‍ത്തനങ്ങളിലേക്കും വ്യാപിക്കുന്നു. രക്ഷിതാക്കള്‍, വായനയെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ടതാണ്‌. വായിച്ച്‌ വായിച്ച്‌ അറിവ്‌ സമ്പാദിച്ച്‌ നാടിനും വീടിനും നാട്ടുകാര്‍ക്കും ഗുണകരമായ പ്രവര്‍ത്തിയിലേര്‍പ്പെട്ട്‌ നല്ല മനുഷ്യരായി ജീവിക്കാന്‍ ഓരോ വ്യക്തികള്‍ക്കും കഴിയണം. അറിവിനുവേണ്ടിയുള്ള തയ്യാറെടുപ്പ്‌ നടത്താനുള്ള ഊര്‍ജ്ജ ശേഖരണമാവട്ടെ വായനവാരം.വായന അറിവുതരുന്നതോടൊപ്പം മനുഷ്യത്വവും തരുന്നു. ഭാവിയിലെ തലമുറ അറിവുള്ളവരും തിരിച്ചറിവുള്ളവരുമാകാന്‍ വായനാവാരം എന്തുകൊണ്ടും ഉപകരിക്കും.

NO COMMENTS

LEAVE A REPLY