ചരിത്രം

0
631

ചരിത്രം 1956ല്‍ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി.എസ്‌. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടര്‍ രാമവര്‍മ അപ്പന്‍ തമ്പുരാനും, ഗണേശ അയ്യര്‍ എന്ന പ്രഥമാധ്യാപകനും ചേര്‍ന്നതാണ്‌ ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചത്‌. ജി.എസ്‌. വെങ്കടേശ്വരയ്യര്‍ അന്ന്‌ ഡല്‍ഹിയില്‍ അന്തര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ കാഴചക്കാരനായിരുന്നു. ഈ പരിപാടിയില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ്‌ ,കേരളത്തിലെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ അദ്ദേഹമാലോചിച്ചത്‌. ജനുവരി 24 മുതല്‍ 26 വരെ എറണാകുളം എസ്സ്‌. ആര്‍.വി. ഗേള്‍സ്‌ ഹൈസ്‌കൂളില്‍ ആദ്യ യുവജനോല്‍സവം അരങ്ങേറി.അന്ന്‌ ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത്‌ . ഏതാണ്ട്‌ 200ഓളം കുട്ടികള്‍ സ്‌കൂള്‍ തലത്തില്‍ നിന്ന്‌ നേരിട്ട്‌ ഈ കലോത്സവത്തിലേക്ക്‌ പങ്കെടുക്കുകയായിരുന്നു. 1975ല്‍ കോഴിക്കോട്‌ നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങള്‍ മത്സര ഇനങ്ങളായി ചേര്‍ത്തത്‌ ഈ വര്‍ഷമായിരുന്നു. കലോത്സവത്തിനു മുന്‍പു നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചതും 1975ല്‍ തന്നെ. കലാതിലകം,പ്രതിഭാ പട്ടങ്ങള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയന്റുകള്‍ നേടുന്ന പെണ്‍കുട്ടിക്ക്‌ കലാതിലകം എന്ന പട്ടവും, ആണ്‍കുട്ടിക്ക്‌ കലാപ്രതിഭ എന്ന പട്ടവും നല്‍കുന്ന പതിവുണ്ടായിരുന്നു. 1986ല്‍ ടി.എം.ജേക്കബ്‌ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്‌ ഇതാരംഭിച്ചത്‌. കവി ചെമ്മനം ചാക്കോയാണ്‌ പ്രതിഭ എന്ന പേരു നിര്‍ദ്ദേശിച്ചത്‌. ആദ്യത്തെ പ്രതിഭാ പട്ടം നേടിയത്‌ പിന്നീട്‌ ചലച്ചിത്ര നടനായി മാറിയ വിനീത്‌ ആയിരുന്നു. കലാതിലകം പൊന്നമ്പളി അരവിന്ദും. 2006ലെ കലോത്സവം മുതല്‍ കലോത്സവ കമ്മറ്റി തിലക പ്രതിഭാ പട്ടങ്ങള്‍ നല്‍കുന്ന പതിവ്‌ ഉപേക്ഷിച്ചു.2005ല്‍ തിലകം നേടിയ ആതിര ആര്‍. നാഥാണ്‌ അവസാനത്തെ തിലക പട്ടമണിഞ്ഞത്‌. ആ വര്‍ഷം പ്രതിഭാപട്ടം ഇല്ലായിരുന്നു.

NO COMMENTS

LEAVE A REPLY