ലക്ഷ്‌മീശ ആചാര്യയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നത്‌ 30 ഗണപതി വിഗ്രഹങ്ങള്‍

0
104


കാസര്‍കോട്‌: ഗണേശോത്സവത്തിനു നാടൊരുങ്ങുമ്പോള്‍ കാസര്‍കോട്‌, നെല്ലിക്കുന്ന്‌ ഗേള്‍സ്‌ സ്‌കൂളിനു സമീപത്തെ ലക്ഷ്‌മീശ ആചാര്യയുടെ പണിപ്പുരയില്‍ തയ്യാറാകുന്നത്‌ 30 ഗണപതി വിഗ്രഹങ്ങള്‍. ഒന്നര അടി മുതല്‍ ഏഴ്‌ അടി വരെ ഉയരമുള്ളവയാണ്‌ വിഗ്രഹങ്ങള്‍ ഓരോന്നും. 29വര്‍ഷം മുമ്പാണ്‌ ലക്ഷ്‌മീശ വിനായക ചതുര്‍ത്ഥി ആഘോഷത്തിനായുള്ള ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്‌.
അതിനുശേഷം ഓരോ വര്‍ഷവും ഉണ്ടാക്കി നല്‍കുന്ന വിഗ്രഹങ്ങളുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. കര്‍ണ്ണാടകയിലെ പുത്തൂര്‍, കല്ലടുക്കയില്‍ നിന്നാണ്‌ വിഗ്രഹ നിര്‍മ്മാണത്തിനു ആവശ്യമായ മുന്തിയ ഇനം കളിമണ്ണ്‌ കൊണ്ടുവരുന്നത്‌. പോയകാലത്തെ അപേക്ഷിച്ച്‌ ഉപ്പോള്‍ ഇതിനുള്ള ചെലവ്‌ പതിന്‍മടങ്ങ്‌ വര്‍ധിച്ചതായി ലക്ഷ്‌മീശ ആചാര്യ പറയുന്നു. എങ്കിലും വിഗ്രഹങ്ങള്‍ക്കു വില പറയാതെ തരുന്നതു സന്തോഷത്തോടെ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ആറിനാണ്‌ വിഗ്രഹങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചത്‌. സഹായത്തിനു യോഗീഷ്‌ ആചാര്യ, വിശ്വനാഥ ആചാര്യ, വസന്ത ആചാര്യ, ശിവാനന്ദ മായിപ്പാടി, രവി മംഗ്‌ളൂരു, കാര്‍ത്തിക്‌, കൃത്വിക്‌ എന്നിവരുമുണ്ട്‌. ലക്ഷ്‌മീശ ആചാര്യയുടെ പണിപ്പുരയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഗണപതി വിഗ്രഹം മല്ലികാര്‍ജ്ജുന ക്ഷേത്ര ഗണേശോത്സവത്തിനുള്ളതാണ്‌.
മറ്റു വിഗ്രഹങ്ങള്‍ ബദിയഡുക്ക, ബായാര്‍, മുളിഞ്ച, കാഞ്ഞങ്ങാട്‌, മേല്‍പ്പറമ്പ, തൃക്കണ്ണാട്‌, പയ്യന്നൂര്‍, കൂത്തുപറമ്പ്‌ തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്കുമാണ്‌ കൊണ്ടുപോവുക; ചെറിയ വിഗ്രഹങ്ങള്‍ വീടുകളിലേയ്‌ക്കും. വിഗ്രഹ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ മിനുക്കു പണികള്‍ ആരംഭിക്കും. 29, 30 തീയ്യതികളില്‍ നിറങ്ങള്‍ ചാര്‍ത്തുന്നതോടെ വിഗ്രഹനിര്‍മ്മാണം പൂര്‍ത്തിയാകും.

NO COMMENTS

LEAVE A REPLY