നഗരത്തില്‍ അനധികൃത കോഴിക്കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്‌

0
120


കാസര്‍കോട്‌: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കോഴിക്കടകള്‍ അടച്ചുപൂട്ടാന്‍ ജില്ലാ കളക്‌ടര്‍ നിര്‍ദ്ദേശിച്ചു. മത്സ്യമാര്‍ക്കറ്റ്‌, ചെമ്മനാട്‌, ചെര്‍ക്കള എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ്‌ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കോഴിക്കടകള്‍ കണ്ടെത്തിയത്‌.
ജില്ലയെ അറവ്‌ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വ്യാപകമായി നടത്തുന്ന പരിശോധനയിലാണ്‌ കോഴിക്കടകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്‌ കണ്ടെത്തിയത്‌. റവന്യൂ ഡിവിഷന്‍ ഓഫീസര്‍ അതുല്‍ സ്വാമിനാഥന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഉറപ്പാക്കി ലൈസന്‍സ്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ മാത്രമേ കടകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന്‌ ഉടമകള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ- ഓര്‍ഡിനോറ്റര്‍ എ ലക്ഷ്‌മി, ജൂനിയര്‍ സൂപ്രണ്ട്‌ പി വി ഭാസ്‌ക്കരന്‍, ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അസി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അനീഷ്‌ ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവു ശാലകളില്‍ നിന്നുള്ള മാലിന്യം ശാസ്‌ത്രീയമായി സംസ്‌ക്കരിക്കാതെ വഴിവക്കിലും മറ്റും തള്ളുന്നതാണ്‌ തെരുവു നായ ശല്യം രൂക്ഷമാകാന്‍ കാരണമെന്ന്‌ പരക്കേ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ്‌ പരിശോധന കര്‍ശനമാക്കിയത്‌. ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പരിശോധന നടത്താനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുമെന്ന്‌ അധികൃതര്‍ അറിയിച്ചു. കര്‍ശന നടപടി എടുക്കാനും പിഴ ഈടാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY