ഭാരതമാകെ ഉയരും സ്വാഭിമാനത്തിന്റെ മൂവര്‍ണ്ണ പതാക

0
54


കാസര്‍കോട്‌: നാളെ മുതല്‍ സ്വാതന്ത്ര്യദിനമായ ആഗസ്‌ത്‌ 15 വരെ ഭാരതത്തിന്റെ ആകാശത്തേക്ക്‌ എല്ലാ ഇടത്ത നിന്നും അഭിമാനത്തിന്റെ ദേശീയ പതാക ഉയര്‍ന്നുപാറും.
അമൃതോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനം മനസ്സാ ഏറ്റെടുത്ത രാജ്യം ഹര്‍ഘര്‍ തിരംഗയുടെ ആവേശത്തിലാണ്‌.
ഉയര്‍ച്ച താഴ്‌ച്ചകളില്ലാതെ കുബേരനും കുടിലില്‍ പാര്‍ക്കുന്നവനും ദേശീയ ബോധത്തിന്റെ അടയാളമായ സ്വാതന്ത്ര്യ പതാക നെഞ്ചേറ്റി സമന്‍മാരാകാന്‍ തയ്യാറെടുത്തു കഴിഞ്ഞു.
സ്വയം സംരംഭകയൂണിറ്റുകള്‍, സര്‍ക്കാര്‍ വിപണന സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ മൂവര്‍ണ്ണക്കൊടി ഒരുക്കി വിതരണം ചെയ്‌തു തുടങ്ങി.എല്ലാ വീടുകളിലും, സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ദേശീയ പതാക ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്‌. നാളെ മുതല്‍ 15 വരെ പതാക രാത്രി താഴ്‌ത്തേണ്ടതില്ല എന്ന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഫ്‌ളാഗ്‌ കോഡിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകണം ദേശീയ പതാക ഉയര്‍ത്തേണ്ടത്‌. കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്‌, ഖാദി തുണി ഉപയോഗിച്ച്‌ നെയ്‌തതോ മെഷീനില്‍ തയ്‌ച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കാം. ദീര്‍ഘ ചതുരാകൃതിയിലാകണം പതാകയെന്നും, കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ ആയ പതാക. ഉയര്‍ത്താന്‍ പാടില്ലെന്നും ഒരു കൊടി മരത്തില്‍ മറ്റൊരു പതാകയ്‌ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

 

NO COMMENTS

LEAVE A REPLY