പരസ്യത്തിലെ `കുഴിയില്‍’ വീണ്‌ സൈബര്‍ പോരാളികള്‍; കാസര്‍കോടന്‍ സിനിമയ്‌ക്ക്‌ വന്‍വരവേല്‍പ്പ്‌

0
56


കാസര്‍കോട്‌: പരസ്യ വാചകത്തെച്ചൊല്ലിയുള്ള വിവാദം തുണച്ചു. ജില്ലയിലെ കലാകാരന്‍മാര്‍ അണി നിരന്ന സിനിമയ്‌ക്ക്‌ വന്‍ വരവേല്‍പ്പ്‌.
ഇന്നലെ തീയറ്ററുകളിലെത്തിയ `ന്നാ താന്‍ കേസ്‌ കൊട്‌’ എന്ന സിനിമയാണ്‌ പരസ്യവാചകത്തിലൂടെ വിവാദമാവുകയും ചാനല്‍ ചര്‍ച്ചകളിലും സൈബര്‍ പോരിലും നിറഞ്ഞ്‌ നിന്ന്‌ ശ്രദ്ധേയമാവുകയും ചെയ്‌തത്‌.
`തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്‌, എന്നാലും വന്നേക്കണേ’ എന്നായിരുന്നു ദേശാഭിമാനി അടക്കമുള്ള പത്രങ്ങള്‍ നല്‍കിയ പരസ്യത്തില്‍ ചേര്‍ത്തിരുന്നത്‌. ഇത്‌ സര്‍ക്കാരിനെതിരെയുള്ള നീക്കമാണെന്ന്‌ ആരോപിച്ചായിരുന്നു അടത്‌ സൈബര്‍ പോരാളികള്‍ രംഗത്തെത്തിയത്‌.
സിനിമ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ഇടത്‌ സൈബര്‍ കൂട്ടം രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസ്‌ നേതാക്കളും ഒപ്പം ചേര്‍ന്നു.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്‌ വേണ്ടി പുരപ്പുറത്ത്‌ കയറി വാദിക്കുന്നവരാണ്‌ സിനിമക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതെന്നും ഈ വിവാദം സിനിമയുടെ വിജയത്തിന്‌ കാരണമാകുകയാണ്‌ ചെയ്യുക എന്നുമായിരുന്നു പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രതികരണം. റോഡിലെ കുഴികള്‍ക്ക്‌ പരിഹാരം കാണുക എന്നത്‌ നാടിന്റെ ആവശ്യമാണെന്നും ക്രിയാത്മകമായ ചര്‍ച്ചകളും വിമര്‍ശനങ്ങളും വരുന്നത്‌ സ്വാഭാവികമാണെന്നുമായിരുന്നു മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ പ്രതികരണം.

NO COMMENTS

LEAVE A REPLY