ദേശീയ സബ്‌ജൂനിയര്‍ -ജൂനിയര്‍ പവര്‍ ലിഫിറ്റിംഗ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ഇന്നു തുടക്കം

0
43


കാസര്‍കോട്‌: 2022ലെ ദേശീയ സബ്‌ ജൂനിയര്‍ -ജൂനിയര്‍ ക്ലാസ്സിക്‌ പവര്‍ലിഫ്‌റ്റിംഗ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഇന്നുമുതല്‍ 14 വരെ കാസര്‍കോട്ട്‌ നടക്കും.
കാസര്‍കോട്‌ നഗരസഭയും ജില്ലാ പവര്‍ലിഫ്‌റ്റിംഗ്‌ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ്‌ നടക്കുന്നത്‌. ചരിത്രത്തിലാദ്യമായാണ്‌ ഇത്തരം ഒരു വലിയ ദേശീയ കായിക മാമാങ്കത്തിന്‌ നമ്മുടെ ജില്ല സാക്ഷ്യം വഹിക്കുന്നത്‌.
കേരളം ഉള്‍പ്പെടെ രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ നിന്നും ഒരു യൂണിയന്‍ ടെറിട്ടറി (പുതുച്ചേരി)യില്‍ നിന്നുമുള്ള ടീമുകളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്‌. 250 പുരുഷ താരങ്ങളും 160 വനിതാ താരങ്ങളും 100 ഓഫീഷ്യല്‍സും ഉള്‍പ്പെടെ 510 പേരാണ്‌ അഞ്ച്‌ ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി കാസര്‍കോട്‌ എത്തിച്ചേരുന്നത്‌.
മത്സരത്തില്‍ വിജയിക്കുന്ന താരങ്ങള്‍ അടുത്ത ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌, കോമണ്‍ ഹെല്‍ത്ത്‌ ഗെയിംസ്‌, വേള്‍ഡ്‌ ചാമ്പ്യന്‍ഷിപ്പ്‌ എന്നീ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കും യോഗ്യത നേടും.
ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായുള്ള മാര്‍ച്ച്‌ പാസ്റ്റ്‌ ഇന്നു വൈകിട്ട്‌ നാല്‌ മണിക്ക്‌ നഗരസഭ ഓഫീസ്‌ പരിസരത്ത്‌ നിന്ന്‌ ആരംഭിച്ച്‌ നഗരം ചുറ്റി ടൗണ്‍ ഹാള്‍ പരിസരത്ത്‌ സമാപിക്കും. തുടര്‍ന്ന്‌ സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ പതാക ഉയര്‍ത്തും. നാളെ രാവിലെ പത്ത്‌ മണിക്ക്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ചാമ്പ്യന്‍ഷിപ്പ്‌ ഉദ്‌ഘാടനം ചെയ്യും. മത്സരങ്ങള്‍ എല്ലാ ദിവസവും രാവിലെ ഏഴ്‌ മണിക്ക്‌ ആരംഭിച്ച്‌ വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ സമീപിക്കും. ഞായറാഴ്‌ച വൈകിട്ട്‌ നടക്കുന്ന സമാപന പരിപാടി എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ ഉദ്‌ഘാടനം ചെയ്യും.

NO COMMENTS

LEAVE A REPLY