കുണ്ടംകുഴി, ബാലനടുക്കത്ത്‌ ആനക്കൂട്ടമിറങ്ങി; നാട്ടുകാര്‍ ഭീതിയില്‍

0
38


കുണ്ടംകുഴി: നാട്ടിലിറങ്ങിയ ആനക്കൂട്ടം കാട്ടിലേയ്‌ക്ക്‌ മടങ്ങാതെ, ചിന്നംവിളിച്ച്‌ ഭീതി ഉയര്‍ത്തുന്നു. നാട്ടുകാര്‍ ഭീതിയിലായതോടെ വനംവകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം സര്‍വ്വ സന്നാഹനങ്ങളുമായി സ്ഥലത്ത്‌ നിലയുറപ്പിച്ചു. ഉത്സവം നടന്നു വരുന്ന കുണ്ടംകുഴി മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ബാലനടുക്കം, ഗോകുലയിലെ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ചെറിയ കാട്ടിലാണ്‌ ആറ്‌ ആനകള്‍ നിലയുറപ്പിച്ചിട്ടുള്ളത്‌. ഇവിടെ നിന്നും ഇന്നു രാവിലെയോടെ ചിന്നംവിളികേട്ടതോടെയാണ്‌ ആനക്കൂട്ടം ഇവിടെ തമ്പടിച്ചിട്ടുള്ളതായുള്ള കാര്യം നാട്ടുകാര്‍ അറിഞ്ഞത്‌. വിവരം ഉടന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ആനകള്‍ നിലയിറപ്പിച്ചിട്ടുള്ള കാടിന്‌ ചുറ്റും ആര്‍ ആര്‍ ടി ടീമിനെ വിന്യസിച്ചു. സമീപ പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ ഉള്ളതിനാല്‍ ആനകളെ പകല്‍ നേരത്ത്‌ കാട്ടിലേയ്‌ക്ക്‌ ഓടിക്കാന്‍ കഴിയില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ഗംഗാധരന്‍, രാമചന്ദ്രന്‍ എന്നിവരുടെ നിരവധി വാഴകള്‍, തെങ്ങ്‌, ജലസേചന പൈപ്പ്‌ എന്നിവ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസംവരെ മുളിയാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങിയ ആനക്കൂട്ടമാണ്‌ പുഴ കടന്ന്‌ ബാലനടുക്കത്ത്‌ എത്തിയതെന്ന്‌ സംശയിക്കുന്നു. ഏഴു ആനകള്‍ വീതമുള്ള മറ്റൊരു കൂട്ടം കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി ഭാഗത്ത്‌ നിലയുറപ്പിച്ചിട്ടുള്ളതായും നാട്ടുകാര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY