ഒഴിവ്‌ ദിനം സേവന ദിനമാക്കി സാന്ത്വനം ഇലക്‌ട്രീഷ്യന്‍ കൂട്ടായ്‌മ

0
58


ചെര്‍ക്കള: ഞായറാഴ്‌ച ഉള്‍പ്പെടെയുള്ള അവധി ദിനങ്ങള്‍ ഇവര്‍ക്ക്‌ സേവന ദിനങ്ങള്‍. കാസര്‍കോട്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുവരുന്ന സാന്ത്വനം ഇലക്ട്രീഷ്യന്‍ കൂട്ടായ്‌മയിലെ പ്രവര്‍ത്തകരാണ്‌ ഒഴിവ്‌ ദിനങ്ങളില്‍ സൗജന്യമായി വൈദ്യുതീകരണ പ്രവൃത്തി നടത്തുന്നത്‌.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ കണ്ടെത്തിയാണ്‌ വീടുകളിലെ പ്രവൃത്തി ചെയ്‌തു നല്‍കുന്നത്‌.ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ വീടുകളിലേക്ക്‌ വയറിങ്‌ പ്രവര്‍ത്തിക്ക്‌ ആവശ്യമായ സാധന സാമഗ്രികളും കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നല്‍കുന്നു. ഞായറാഴ്‌ച മുള്ളേരിയ,ആദൂര്‍,ചെമ്പരിക്ക,തളങ്കര,ബെള്ളൂറടുക്കം,നെല്ലിക്കട്ട,ചേരങ്കൈ,അണങ്കൂര്‍,തായലങ്ങാടി,കുമ്പള ബദിരിയ നഗര്‍ എന്നിവിടങ്ങളിലെ 10 വീടുകളിലെ വയറിങ്‌ പ്രവര്‍ത്തിയാണ്‌ സംഘം സൗജന്യമായി ചെയ്‌തു നല്‍കിയത്‌.ഇതില്‍ പകുതിയോളം വീടുകളിലേക്ക്‌ ആവശ്യമായ വയറിങ്‌ സാധനങ്ങളും കൂട്ടായ്‌മ നല്‍കി. കാസര്‍കോട്‌,മഞ്ചേശ്വരം താലൂക്കുകളിലെ ഇലക്ട്രിക്കല്‍ ജോലി ചെയ്‌തു വരുന്ന എഴുപതോളം പേരാണ്‌ ഞായറാഴ്‌ച നായന്മാര്‍മൂലയില്‍ ഒത്തു കൂടിയത്‌. ഇലക്ട്രീഷ്യന്‍മാരുടെ സംഘത്തിന്റെ ഫ്‌ളാഗ്‌ ഓഫ്‌ കര്‍മ്മം കെ.എസ്‌.ഇ.ബി.അസിസ്റ്റന്റ്‌ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയര്‍ കെ.നാഗരാജ്‌ ഭട്ട്‌ നിര്‍വ്വഹിച്ചു.കൂട്ടായ്‌മ പ്രസിഡന്റ്‌ അബൂബക്കര്‍ എരുതും കടവ്‌ ആധ്യക്ഷം വഹിച്ചു. ഷരീഫ്‌ മല്ലം,ഹാഷിം ഉളിയത്തടുക്ക,ടി.എ.ഹാരീസ്‌,സക്കീര്‍ ചാലക്കുന്ന്‌,ബഷീര്‍ നെല്ലിക്കുന്ന്‌,അഷറഫ്‌ അറന്തോട്‌ സംസാരിച്ചു.

NO COMMENTS

LEAVE A REPLY