ഷിറിയയില്‍ അഞ്ചു മണലൂറ്റു തോണികള്‍ പൊലീസ്‌ പിടിച്ചെടുത്തു തകര്‍ത്തു

0
61


കുമ്പള: കുമ്പളയില്‍ പൊലീസും മണല്‍ മാഫിയയും തമ്മിലുള്ള പോരാട്ടം മുറുകുന്നു.
ഷിറിയ തീരദേശ പൊലീസ്‌ സ്റ്റേഷനു പിന്നിലെ തോട്ടില്‍ ആല്‍മരത്തണലില്‍ ഒളിപ്പിച്ചിരുന്ന അഞ്ചു പൂഴി ഊറ്റല്‍ തോണികള്‍ ഡി വൈ എസ്‌ പി ബാലകൃഷ്‌ണന്‍ നായരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്‌ടര്‍ കെ പ്രമോദ്‌, എസ്‌ ഐ മാരായ വി കെ അനീഷ്‌, കെ പി വി രാജീവന്‍ എന്നിവര്‍ കരക്കെത്തിച്ച ശേഷം ജെ സി ബി ഉപയോഗിച്ച്‌ ഇടിച്ചു പൊളിച്ചു.രാത്രി കാലങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച്‌ അഴിമുഖത്തിനടത്തുനിന്നു പൂഴിവാരി ഒളയം, പി കെ നഗര്‍ എന്നിവിടങ്ങളില്‍ എത്തിച്ച്‌ രാത്രി തന്നെ ലക്ഷ്യസ്ഥാനങ്ങളിലേക്കു മാറ്റുകയാണ്‌ ഇവിടെ മണല്‍ മാഫിയ ചെയ്യുന്നതെന്നു പറയുന്നു. അടുത്തിടെ ഈ പ്രദേശങ്ങളില്‍ നിന്നു മണലൂറ്റിനുപയോഗിക്കുന്ന നിരവധി തോണികള്‍ പൊലീസ്‌ പിടിച്ചെടുത്തു തകര്‍ത്തിരുന്നു. എന്നാല്‍ പൊലീസ്‌ നശിപ്പിക്കുന്നതിന്റെ ഇരട്ടി തോണികള്‍ അന്നു രാത്രി തന്നെ പൂഴിയൂറ്റിനിറങ്ങുന്നതു പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്‌. മാത്രമല്ല, തീരം പരിപാലിക്കേണ്ട തീരദേശ പൊലീസിന്റെ ആസ്ഥാനം വരെ മണല്‍ ഊറ്റി ഊറ്റി ഇല്ലാതാവുന്ന സ്ഥിതിയോടടുത്തിട്ടും തീരദേശ പൊലീസ്‌ ഇരുട്ടില്‍ത്തപ്പിയിരിക്കുന്നതു പൊലീസ്‌ മേധാവികളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നു പറയുന്നു.തീരദേശ പൊലീസ്‌ മണല്‍ മാഫിയ വേട്ടക്കു തയ്യാറെടുക്കുമ്പോള്‍ത്തന്നെ വിവരം മണല്‍ മാഫിയക്കു കൈമാറാന്‍ അവരുടെ ഏജന്റുമാര്‍ തീരദേശ പൊലീസിലുണ്ടെന്നും ആക്ഷേപ മുയര്‍ന്നിട്ടുണ്ട്‌. ഇതിനെക്കുറിച്ചും പൊലീസ്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌. ഏറെക്കാലമായി മണല്‍വേട്ട നടത്തുന്നുണ്ടെങ്കിലും മണല്‍ മാഫിയകളുടെ കണ്ണികളില്‍ ഒന്നിനെപ്പോലും പിടിയിലാക്കാന്‍ കഴിയാത്ത പൊലീസ്‌ നടപടിയും ജനങ്ങളില്‍ സംശയമുളവാക്കുന്നു.

NO COMMENTS

LEAVE A REPLY