ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ്‌ പൊയിനാച്ചിയില്‍

0
23


പൊയിനാച്ചി:യുവതികളുടെ സാമൂഹിക സാംസ്‌ക്കാരിക ഉപജീവന ഉന്നമനത്തിന്‌ പുതു ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കുന്ന ഓക്‌സിലറി സംവിധാനത്തിന്‌ ചെമ്മനാട്‌ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തുടക്കം കുറിച്ചു. ജില്ലയിലെ ആദ്യത്തെ ഓക്‌സിലറി ഗ്രുപ്പാണ്‌ ഇവിടെ രൂപീകരിച്ചത്‌.18 വയസിനും 40 വയസിനും ഇടയിലുള്ള 50 യുവതികളാണ്‌ ഗ്രൂപ്പിലെ അംഗങ്ങള്‍. ഒരു കുടുംബത്തിലെ ഒരാള്‍ക്കാണ്‌ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വമെടുക്കാന്‍ പറ്റുന്നത്‌.
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളുടെ ഗുണഫലം ഒരു വലിയ ശതമാനം യുവതികള്‍ക്ക്‌ നേരിട്ട്‌ ലഭ്യമല്ലാതെ പോകുന്നതിനൊരു പരിഹാരമെന്ന നിലയിലാണ്‌ കുടുംബശ്രീ മിഷന്‍ ഓക്‌സിലറി ഗ്രൂപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്‌.
സ്‌ത്രീ ശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനത്തിനും അതുവഴി സാമൂഹ്യ ഉന്നമനത്തിനുമുതകുന്ന അവസരങ്ങള്‍ ലഭ്യമാകുന്ന വേദി ഒരുക്കല്‍, സ്‌ത്രീധനം, ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങീ സ്‌ത്രീകള്‍ അനുഭവിക്കുന്ന സാമൂഹ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു പൊതുവേദി, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
കക്ഷിരാഷ്ട്രീയ ജാതിമതവര്‍ഗ്ഗ ഭേദമന്യേ ഒരുമിച്ച്‌ കൂടുന്നതിനും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും യുവതികളെ പ്രാപ്‌തരാക്കല്‍, നിലവിലെ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക അനുസൃതമായി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പൊതു വിഷയങ്ങളിലും ഇടപെടാനും ചര്‍ച്ച ചെയ്യാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളര്‍ത്താനുമുള്ള ഇടമാക്കുക എന്നിവയും ലക്ഷ്യമാണ്‌. നിലവില്‍ സ്‌ത്രീകളുടെ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനായുള്ള യുവജന കമ്മീഷന്‍, യുവജനക്ഷേമ ബോര്‍ഡ്‌ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനും അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കാനുമുള്ള അവസരം ഒരുക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, സഹകരണവകുപ്പ്‌ മുതലായവ നടപ്പിലാക്കുന്ന വിവിധ ഉപജീവന പദ്ധതികളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കലും ഇതുവഴി യുവതികളുടെ സുസ്ഥിര ഉപജീവനം സാധ്യമാക്കാനുളള അവസരം സൃഷ്ടിക്കലും ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളാണ്‌.
പൊയിനാച്ചി മൈലാട്ടി പ്രദേശത്തെ 45 കുടുംബങ്ങളിലെ അമ്പത്‌ യുവതികളാണ്‌ ഓക്‌സിലറി ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്‌.
ഗ്രുപ്പിന്റെ ഉദ്‌ഘാടനം ചെറുകര അങ്കണവാടിയില്‍ ചെമ്മനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ നിര്‍വ്വഹിച്ചു. സി ഡി എസ്‌ ചെയര്‍പേഴ്‌സണ്‍ മുംതാസ്‌ ,എഡിഎം സി ഡി ഹരിദാസന്‍ വൈസ്‌ പ്രസിഡന്റ്‌ മന്‍സൂര്‍ കുരിക്കള്‍, വാര്‍ഡ്‌ മെമ്പര്‍ രാജന്‍ കെ പൊയിനാച്ചി, സൗമിനി, ജിജി, തുടങ്ങിയവര്‍ പ്രസംഗിച്ചു.ഭാരവാഹികള്‍: പ്രസീന എസ്‌.എന്‍(ടീം ലീഡര്‍ ) സചേത എന്‍ എസ്‌ (സാമ്പത്തികം ) അഖില മുരളിധരന്‍ (കോര്‍ഡിനേറ്റര്‍) നയന പി.ടി ( സാമൂഹ്യ വികസനം) ശില്‌പ എല്‍ (ഉപജീവനം)

NO COMMENTS

LEAVE A REPLY