ഗോളിയടിയില്‍ റോഡ്‌ മരണക്കെണിയായി; വാഹനയാത്രക്കാര്‍ ഭീതിയില്‍

0
30


ബദിയഡുക്ക: റോഡിനരികിലെ കള്‍വര്‍ട്ട്‌ തകര്‍ന്ന്‌ ഗോളിയടി മരണക്കെണിയാകുന്നു. വാണിനഗര്‍ -കിന്നിംഗാര്‍ റോഡിന്റെ സരളിമൂല, ഗോളിയടിയിലാണ്‌ അപകടം പതിയിരിക്കുന്നത്‌.
റോഡരികുകള്‍ തകര്‍ന്നത്‌ അഗാധ ഗര്‍ത്തങ്ങള്‍ക്കു കാരണമായിട്ടുണ്ട്‌. ഇരുവശങ്ങളും താഴ്‌ച്ചയേറിയ പ്രദേശമായതിനാല്‍ ഏതു നേരവും ദുരന്തമുണ്ടാവാമെന്ന ഭീതിയിലാണ്‌ വാഹനയാത്രക്കാരും നാട്ടുകാരും ബദിയഡുക്ക- ഏത്തടുക്ക- കിന്നിംഗാര്‍ റോഡില്‍ മെക്കാഡം ടാറിംഗ്‌ നടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ക്ക്‌ അതുവഴി പ്രവേശനം നിഷേധിച്ചിട്ടുണ്ട്‌. അതുവഴിയോടേണ്ട വലിയ വാഹനങ്ങളടക്കം ഗോളിയടി റോഡിലൂടെ കടന്നു പോകുന്നതാണ്‌ റോഡു തകര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടിയതെന്ന്‌ നാട്ടുകാര്‍ പറയുന്നു.
കര്‍ണ്ണാടകയില്‍ നിന്നും ജല്ലിയും നിര്‍മ്മാണ സാധനങ്ങളും മറ്റുമായി ജില്ലയിലെത്തുന്ന വലിയ ട്രക്കടക്കമുള്ള വാഹനങ്ങള്‍ ദിനംപ്രതി ഈ റോഡിലൂടെ സഞ്ചരിക്കാറുണ്ടത്രേ. ഇരുപതോളം വന്‍ വാഹനങ്ങള്‍ ഇതുവഴി ദിവസവും കടന്നു പോകാറുണ്ടെന്ന്‌ ഗോളിയടിയിലെ വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു.തകര്‍ന്ന്‌ കാല്‍നടയാത്രപോലും ദുഷ്‌ക്കരമായ നിലയിലാണ്‌ റോഡുള്ളത്‌. അധികൃതര്‍ ഇക്കാര്യത്തില്‍ സത്വരശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ അതു വന്‍ ദുരന്തം ക്ഷണിച്ചു വരുത്തുമെന്നും റോഡ്‌ ഉടന്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

NO COMMENTS

LEAVE A REPLY