മസ്‌തിഷ്‌കാഘാതം; കലാകാരനെ രക്ഷിക്കാന്‍ കൈകോര്‍ത്ത്‌ നാട്ടുകാര്‍

0
23


കാഞ്ഞങ്ങാട്‌: മസ്‌തിഷ്‌കാഘാതം മൂലം ശരീരം തളര്‍ന്ന്‌ കലാകാരനെ രക്ഷിക്കാന്‍ കൈകോര്‍ത്ത്‌ നാട്ടുകാര്‍. ഗായകനായിരുന്ന കൊട്ടോടിയിലെ വി.ഗംഗാധരന്‍ (50) ആണ്‌ വര്‍ഷങ്ങളായി കൈകാലുകള്‍ക്ക്‌ ചലന ശേഷി നഷ്ടപ്പെട്ട്‌ വീല്‍ ചെയറില്‍ ജീവിതം നയിക്കുന്നത്‌. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത ഗംഗാധരന്‍ ചികിത്സയ്‌ക്കും, നിത്യജീവിതത്തിനും പണമില്ലാതെ ദുരിതത്തിലാണ്‌. ഗള്‍ഫിലെ ജോലി സ്ഥലത്ത്‌ നിന്നാണ്‌ ഗംഗാധരന്‌ മസ്‌തിഷ്‌കാഘാതം സംഭവിച്ചത്‌. പിന്നീട്‌ സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. തുടര്‍ന്ന്‌ മൂന്നു വര്‍ഷത്തെ ചികിത്സയ്‌ക്കായി ഉള്ളതെല്ലാം വിറ്റു പെറുക്കി. ബന്ധുക്കളും, സഹപാഠികളും സഹായിച്ചാണ്‌ പട്ടിണിയില്ലാതെ കഴിയുന്നത്‌. പണമില്ലാതെ ചികിത്സ മുടങ്ങിയതോടെ ശരീരം കൂടുതല്‍ തളര്‍ച്ചയിലേക്ക്‌ പോയി. 15 ലക്ഷം രൂപയാണ്‌ ഗംഗാധരന്റെ വിദഗ്‌ധ ചികിത്സയ്‌ക്കായി വേണ്ടത്‌. ഭാര്യ ധന്യ ജോലി ചെയ്‌ത്‌ ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ്‌ വിദ്യാര്‍ഥികളായ രണ്ട്‌ മക്കള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാനം.ചാളക്കടവിലുള്ള ഭാര്യയുടെ കുടുംബ വീട്ടിലാണ്‌ ഗംഗാധരന്റെ താമസം. ഗംഗാധരന്‌ വിദഗ്‌ധ ചികിത്സ നല്‍കി കുടുംബത്തെ സഹായിക്കാന്‍ മടിക്കൈ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.പ്രീത, കെ.ഗോവിന്ദന്‍ കൊട്ടോടി എന്നിവര്‍ രക്ഷാധികാരികളായും, കള്ളാര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.നാരായണന്‍ (ചെയ.), പഞ്ചായത്തംഗങ്ങളായ എം.കൃഷ്‌ണകുമാര്‍, പി.ജോസ്‌ (വര്‍. ചെയ.), രവീന്ദ്രന്‍ കൊട്ടോടി (ജന. കണ്‍.), ജെന്നി കുര്യന്‍ (ട്രഷ.) എന്നിവര്‍ ഭാരവാഹികളായും സഹായ സമിതി രൂപീകരിച്ചു. കേരള ഗ്രാമീണ ബാങ്ക്‌ രാജപുരം ശാഖയില്‍ അക്കൗണ്ട്‌ ആരംഭിച്ചു. ഉദാരമതികള്‍ നല്‍കുന്ന സഹായം മാത്രമാണ്‌ ഇനി കുടുംബത്തിന്റെ ഏക പ്രതീക്ഷ. അക്കൗണ്ട്‌ നമ്പര്‍: 40663101028313.ഐ എഫ്‌ എസ്‌ സി: കെ എല്‍ ജി ബി 0040663, ഗൂഗിള്‍ പേ: 9383489526.

NO COMMENTS

LEAVE A REPLY