മഴ കുറയുന്നില്ല; കൊയ്‌ത്ത്‌ നടത്താനാകാതെ നെല്‍ കര്‍ഷകര്‍

0
25


ബദിയഡുക്ക: കനത്ത മഴ തുടരുന്നതു കാരണം കൊയ്‌ത്ത്‌ നടത്താനാകാതെ നെല്‍ കര്‍ഷകര്‍. കൊയ്‌തിട്ട നെല്ലും നശിക്കുമോയെന്നു ഭീഷണിയുമുണ്ട്‌. ബദിയഡുക്ക പഞ്ചായത്തിലെ പള്ളത്തടുക്ക പാടശേഖരത്തില്‍ ഏക്കര്‍ കണക്കിന്‌ നെല്ലാണ്‌ കൊയ്യാന്‍ കഴിയാതെ കിടക്കുന്നത്‌. വയലില്‍ വെള്ളം കുറയാത്തതിനാല്‍ കൊയ്‌ത്ത്‌ നടത്താന്‍ കഴിയുന്നില്ലെന്ന്‌ കര്‍ഷകര്‍ പറയുന്നു. നെല്‍ മണികള്‍ പഴുത്തു പാകമായെങ്കിലും വൈക്കോലും ഒലിയും ഉണങ്ങിയിട്ടില്ല. ഇനിയും മഴ തുടര്‍ന്നാല്‍ നെല്‍മണികള്‍ കൊഴിഞ്ഞു പോകുമെന്ന ആശങ്കയിലാണ്‌ കര്‍ഷകര്‍. ബദിയഡുക്ക പഞ്ചായത്തിലെ മറ്റു പാടശേഖരങ്ങളിലും കാറഡുക്ക പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും സമാന സ്ഥിതിയാണെന്ന്‌ കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കൊയ്‌ത്തു കഴിഞ്ഞ കര്‍ഷകരും ആശങ്കയിലാണ്‌. വൈക്കോലും, നെല്ലും ഉണക്കാന്‍ കഴിയാത്തതാണ്‌ ആശങ്കയ്‌ക്ക്‌ കാരണം. പല സ്ഥലങ്ങളിലും കൊയ്‌തിട്ട നെല്ല്‌ വയലുകളില്‍ അഴുകി തുടങ്ങിയിട്ടുണ്ട്‌. മഴ ഇനിയും തുടര്‍ന്നാല്‍ വലിയ നഷ്‌ടം ഉണ്ടാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY