കാട്ടാനശല്യം രൂക്ഷം; ജനം കടുത്ത ഭീതിയില്‍

0
54


മുളിയാര്‍: കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെ ജനങ്ങളില്‍ ഭീതി കനത്തു. ഇന്നലെ രാത്രിയും കാട്ടാനകള്‍ വിവിധയിടങ്ങളില്‍ വ്യാപകമായി കൃഷിനശിപ്പിച്ചു. ചെറ്റത്തോടിലെ മോഹനന്‍, പത്മാക്ഷി, രവി എന്നിവരുടെ വാഴ, കവുങ്ങ്‌, തെങ്ങ്‌ തുടങ്ങിയ കൃഷികളാണ്‌ നശിപ്പിച്ചത്‌. ആനകള്‍ കൂട്ടമായി എത്തി കൃഷി നശിപ്പിക്കുകയായിരുന്നു.അതിനിടെ ആനകള്‍ രണ്ടു സംഘമായി തിരിഞ്ഞു. ആറ്‌ ആനകളും മൂന്ന്‌ ആനകളും അടങ്ങുന്ന രണ്ടു സംഘമായി പിരിഞ്ഞ കാട്ടാനക്കൂട്ടത്തിലെ ഒരു സംഘം ഇന്നലെ പുഴ കടന്ന്‌ ബേഡഡുക്ക പഞ്ചായത്തിലെ ഗോകുലയെന്ന സ്ഥലത്ത്‌ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. സംഘടിച്ചു നിന്ന നാട്ടുകാര്‍ ആനകളെ തുരത്തുകയായിരുന്നു. ആനകള്‍ സംഘമായി തിരിഞ്ഞ്‌ അക്രമം ശക്തമാക്കിയതോടെ ജനം തീര്‍ത്തും ഭീതിയിലായിട്ടുണ്ട്‌. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ബേപ്പ്‌, കുണിയേരി, തീയ്യടുക്കം, ചൊട്ട, ചമ്പിലാംകൈ തുടങ്ങിയ ഭാഗങ്ങളില്‍ എത്തിയ ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
ആനകളെ തുരത്താനുള്ള ശ്രമങ്ങളെല്ലാം പാളിയതോടെ ഇനിയെന്ത്‌ ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്‌ ജനം.
വനപാലകരും, ജനങ്ങളും ചേര്‍ന്ന്‌ ആനകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നുണ്ടെങ്കിലും ആനകള്‍ അതൊന്നും വകവെക്കാതെയാണ്‌ അനുദിനം ആക്രമം ശക്തിപ്പെടുത്തുന്നതെന്നു നാട്ടുകാര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY