ഹരിത: ഭിന്നതരൂക്ഷം ലീഗ്‌ തീരുമാനം പുന:പരിശോധിച്ചേക്കും

0
36


കാസര്‍കോട്‌: ഹരിത നേതാക്കള്‍ക്കെതിരെയുള്ള നടപടിയെ ചൊല്ലി മുസ്ലീംലീഗില്‍ കടുത്ത ഭിന്നത. പരിച്ചുവിട്ട ഹരിത കമ്മറ്റിയെ പിന്തുണച്ച്‌ ഒരു വിഭാഗം ലീഗ്‌ നേതാക്കള്‍ രംഗത്ത്‌ വന്നതോടെയാണ്‌ ഭിന്നത മറനീക്കി പുറത്ത്‌ വന്നത്‌. ഇതോടെ പ്രതിസന്ധിയിലായ പാര്‍ട്ടി നേതൃത്വം പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി സംസ്ഥാന പ്രവര്‍ത്തക സമിതി ചേരും. ഈ മാസം 26നാണ്‌ യോഗം. മലപ്പുറത്തായിരിക്കും യോഗം ചേരുക. യോഗത്തില്‍ ഹരിതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ്‌ സൂചന. ഹരിത കമ്മിറ്റി പിരിച്ചു വിട്ട നടപടി പുനപരിശോധിച്ചേക്കുമെന്ന സൂചനയും പുറത്ത്‌ വരുന്നുണ്ട്‌. നിലവിലുണ്ടായിരുന്ന കമ്മിറ്റി പിരിച്ചു വിട്ട നടപടിക്കെതിരെ പാര്‍ട്ടിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ ചൊല്ലി നേതാക്കള്‍ ഇരു തട്ടിലാവുകയും ചെയ്‌തു. എം കെ മുനീറടക്കമുള്ളവര്‍ പാര്‍ട്ടി നിലപാടിനെ പിന്തുണച്ചപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ വ്യക്തമായ പ്രതികരണം നടത്താതെ പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്‌ത്‌ പരിശോധിക്കാമെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌.
ലീഗ്‌ നേതൃത്വത്തിന്റെ നടപടിക്കെതിരെ പിരിച്ചുവിട്ട കമ്മിറ്റിയിലെ സംസ്ഥാന ഭാരവാഹികള്‍ പരസ്യമായി രംഗത്ത്‌ വന്നിരുന്നു. വാര്‍ത്താ സമ്മേളനം നടത്തിയാണ്‌ തങ്ങളുടെ പ്രതിഷേധം അവര്‍ പ്രകടിപ്പിച്ചത്‌. മാത്രമല്ല ആരോപണ വിധേയനായ എം എസ്‌ എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസിനെതിരെ രൂക്ഷമായ പരാതി ഉന്നയിക്കുകയും ചെയ്‌തിരുന്നു. ലൈംഗികാധിക്ഷേപം നടത്തിയെന്ന്‌ തന്നെയായിരുന്ന ഹരിത നേതാക്കളുടെ നിലപാട്‌.ഹരിത നേതാക്കളുടെ വാര്‍ത്താ സമ്മേളനം ലീഗ്‌ നേതൃത്വത്തിന്‌ കടുത്ത ആഘാതമേല്‍പ്പിച്ചു. മാത്രമല്ല എം എസ്‌ എഫ്‌ നേതാക്കള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌ വിടുമെന്ന മുന്നറിയിപ്പും ഹരിത ഭാരവാഹികള്‍ നല്‍കിയിരുന്നു. ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ കടുത്ത നിലപാടാണ്‌ ഹരിത നേതാക്കള്‍ക്കെതിരെയുള്ള നടപടിക്ക്‌ ഇടയാക്കിയതെന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു. ഹരിതയുമായി ബന്ധപ്പെട്ട പ്രശ്‌നം കത്തി നില്‍ക്കുന്നതിനാല്‍ ഏതു വിധേനയും പ്രശ്‌നം പരിഹരിച്ച്‌ തലയൂരാനുള്ള ശ്രമമാണ്‌ നേതൃത്വം നടത്തുന്നതെന്ന്‌ പറയുന്നു.

NO COMMENTS

LEAVE A REPLY