ദേശീയപാത വികസനം; ധനസഹായം ഉടന്‍ നല്‍കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

0
61


കാസര്‍കോട്‌: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക്‌ ഉടന്‍ നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ നിരവധി തവണ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക്‌ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന്‌ കുറ്റപ്പെടുത്തി. വ്യാപാരികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന്‌ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക്‌ ഫിറ്റിംഗ്‌ ചാര്‍ജ്ജായി രണ്ടു ലക്ഷം രൂപയും, പീടിക തൊഴിലാളികള്‍ക്ക്‌ ആറുമാസത്തെ വേതനവും നല്‍കുമെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും നാളിതുവരെ വിതരണം ചെയ്‌തിട്ടില്ലെന്ന്‌ യോഗം കുറ്റപ്പെടുത്തി. വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന നടപടി ആരംഭിച്ചിട്ടുണ്ട്‌.
കെട്ടിട ഉടമകള്‍ക്ക്‌ നഷ്‌ടപരിഹാരവും ലഭ്യമായിട്ടുണ്ട്‌. എന്നാല്‍ വര്‍ഷങ്ങളായി ഉപജീവനത്തിനായി വ്യാപാരം സ്വയം തൊഴിലായി സ്വീകരിച്ച്‌ നിയമാനുസൃതം നികുതി നല്‍കി വ്യാപാരം നടത്തുന്ന വ്യാപാരികള്‍ക്ക്‌ മാത്രം യാതൊരു നഷ്‌ട പരിഹാരവും ലഭിക്കാത്തത്‌ ദുഃഖകരമാണെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. കട ഒഴിപ്പിക്കലിനെ തുടര്‍ന്ന്‌ ജോലി നഷ്‌ടപ്പെട്ടവര്‍ക്കും അടിയന്തിര ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട്‌ കെ അഹമ്മദ്‌ ഷെരീഫ്‌ ആധ്യക്ഷം വഹിച്ചു. പി പി മുസ്‌തഫ, സി എച്ച്‌ ശംസുദ്ദീന്‍, എ എ അസീസ്‌, സി ഹംസ പാലക്കി, ശിഹാബ്‌ ഉസ്‌മാന്‍, ശശിധരന്‍ ജി എസ്‌, പി മുരളീധരന്‍, എ വി ഹരിഹരസുതന്‍, എം പി സുബൈര്‍, ബഷീര്‍ കനില സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ ജെ സജി സ്വാഗതവും, ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY