നാട്ടിലിറങ്ങിയ ആനകളെ തുരത്താന്‍ ദ്രുത കര്‍മ്മ സേന; തിരകെ വരാതിരിക്കാന്‍ തൂക്കുവേലി

0
34


മുളിയാര്‍: നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ആവാസ സ്ഥലങ്ങളിലേക്ക്‌ തുരത്തുന്നതിന്‌ വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോര്‍ത്ത്‌ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജിമാത്യുവിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സംയുക്ത യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌.ആനകളെ കാടുകയറ്റാനുള്ള പ്രവര്‍ത്തനങ്ങളുമായി രംഗത്തുള്ള ദ്രുതകര്‍മ്മ സേനയെ സഹായിക്കുവാന്‍ വിദഗ്‌ദ്ധരായ തദ്ദേശ വാസികളെ ഉള്‍പ്പെടുത്താനാണ്‌ യോഗത്തില്‍ ഉണ്ടായ തീരുമാനം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കും. ഇവര്‍ക്ക്‌ യൂണിഫോമും ജീവന്‍ രക്ഷാ ഉപകരണങ്ങളും ആനകളെ ഓടിക്കുന്നതിനുള്ള സാമഗ്രികളും നല്‍കും. ദ്രുതകര്‍മ്മ സേനയുടെ യാത്രയ്‌ക്കായി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത്‌ നല്‍കും. രണ്ടു മാസത്തോളം തുടര്‍ച്ചയായ ഇടപെടലിലൂടെ മാത്രമേ ആകളെ ഉള്‍വനത്തിലേയ്‌ക്ക്‌ ഓടിക്കാന്‍ കഴിയൂവെന്ന്‌ യോഗം വിലയിരുത്തി. ആനകള്‍ തിരിച്ചു വരാതിരിക്കുവാന്‍ ആവശ്യമായ നടപടികളും സ്വീകരിക്കും. ഇതിന്റെ നിര്‍വഹണ ചുമതല വനംവകുപ്പിനായിരിക്കുമെങ്കിലും ആവശ്യമായ ഫണ്ട്‌ പഞ്ചായത്തുകള്‍ നല്‍കും. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തൂക്കുവേലിയുടെ നിര്‍മ്മാണം ആരംഭിക്കാനും തിരുമാനമായി. പൊലീസ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷനു നിര്‍മ്മാണ ചുമതല കൈമാറാനും ധാരണയായി.
ജില്ലാ ഫോറസ്റ്റ്‌ ഓഫീസറായി അടുത്തിടെ ചാര്‍ജ്ജെടുത്ത പി ധനേഷ്‌കുമാര്‍, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എ പി ഉഷ, പി വി മിനി, കെ ഗോപാലകൃഷ്‌ണ, വൈസ്‌ പ്രസിഡന്റുമാരായ ഡി എ അബ്‌ദുള്ള കുഞ്ഞി, ജനാര്‍ദ്ദനന്‍, ബി ഡി ഒ എം കെ ദിലീപ്‌, ഫോറസ്റ്റ്‌ റേഞ്ചര്‍ സോളമന്‍ ടി ജോര്‍ജ്ജ്‌, ഫോറസ്റ്റ്‌ ഓഫീസര്‍ എന്‍ വി സത്യന്‍ തുടങ്ങിയവരും കര്‍ഷക പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. അതിനിടെ കാട്ടാനകള്‍ മുളിയാര്‍ റിസര്‍വ്‌ ഫോറസ്റ്റിലെത്തി. ഇന്ന്‌ പുലര്‍ച്ചെ ബേപ്പ്‌ അമ്പള്‍മൂലയില്‍ നിലയിറപ്പിച്ചിട്ടുള്ള കാട്ടാനകളെ തുരത്താന്‍ അധികൃതര്‍ ശ്രമമാരംഭിച്ചു.

NO COMMENTS

LEAVE A REPLY