കളി കാര്യമായി; കാണാതായ ഭാര്യയെ തേടി ഭര്‍ത്താവ്‌ കാസര്‍കോട്ട്‌

0
38


കാസര്‍കോട്‌: മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതു ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന്‌ താമസ സ്ഥലത്ത്‌ നിന്നും ഇറങ്ങിപ്പോയ യുവതിയെ തേടി ഭര്‍ത്താവ്‌ കാസര്‍കോട്ടെത്തി. കര്‍ണ്ണാടക, ദാവണഗരെ സ്വദേശി പയ്യന്നൂര്‍, എരമം ബാങ്കിന്‌ സമീപത്തെ പരശുറാം(32)ആണ്‌ ഇന്നു രാവിലെ കാസര്‍കോട്ടെത്തിയത്‌. ഒരു വര്‍ഷമായി എരമത്ത്‌ ചെങ്കല്‍ ക്വാറിയില്‍ മെഷീന്‍ ഓപ്പറേറ്റര്‍ ആണ്‌ പരശുറാം. എരമം ബാങ്കിന്‌ സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യ അന്നപൂര്‍ണ്ണ(29), മക്കളായ രേണുക, ദിവ്യ, ഉദയകുമാര്‍ എന്നിവര്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു പരശുറാം. ഇക്കഴിഞ്ഞ ആഗസ്റ്റ്‌ 11ന്‌ പതിവുപോലെ ജോലിക്കുപോയതായിരുന്നു ഇയാള്‍. ഉച്ചയ്‌ക്ക്‌ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ ഭാര്യ അന്നപൂര്‍ണ്ണ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയായിരുന്നുവെന്ന്‌ പരശുരാമ പറഞ്ഞു. മക്കള്‍ക്ക്‌ ഓണ്‍ലൈന്‍ ക്ലാസുള്ളപ്പോള്‍ ഫോണില്‍ കളിക്കുന്നതിനെതില്‍ ഭാര്യയെ ശകാരിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെറിയ വാക്കുതര്‍ക്കം ഉണ്ടായതിന്‌ പിന്നാലെയാണ്‌ ഭാര്യയെ കാണാതായത്‌. സംഭവത്തില്‍ പെരിങ്ങോം പൊലീസ്‌ കേസെടുത്തിട്ടുണ്ടെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്നാണ്‌ ഭാര്യയെ കണ്ടെത്താനായി പരശുറാം നേരിട്ട്‌ തെരച്ചില്‍ തുടങ്ങിയത്‌. മക്കളെ മൂന്നുപേരെയും ഹൊസങ്കടിയിലെ ബന്ധുവീട്ടില്‍ നിര്‍ത്തിയിട്ടുള്ളതായി പരശുറാം പറഞ്ഞു. ഭാര്യയെന്ന്‌ സംശയിക്കുന്ന ഒരാളെ കാസര്‍കോട്‌, നെല്ലിക്കുന്ന്‌ ഭാഗങ്ങളില്‍ കണ്ടതായുള്ള വിവരങ്ങളെ തുടര്‍ന്നാ ണ്‌ കാസര്‍കോട്ടേക്ക്‌ വന്നതെന്ന്‌ പരശുറാം പറഞ്ഞു.

NO COMMENTS

LEAVE A REPLY