ഐ എന്‍ എല്ലിലെ തമ്മില്‍ തല്ല്‌; ഇടത്‌ മുന്നണിക്ക്‌ തലവേദന

0
113


കാസര്‍കോട്‌: അഴിമതിയാരോപണങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഇടത്‌ മുന്നണി സര്‍ക്കാരിന്‌ ഘടക കക്ഷിയായ നാഷണല്‍ ലീഗ്‌ തലവേദന സമ്മാനിച്ചു. നാഷണല്‍ ലീഗിന്‌ ഇടതു സര്‍ക്കാര്‍ അറിഞ്ഞു നല്‍കിയ പി എസ്‌ സി മെമ്പര്‍ സ്ഥാനം പാര്‍ട്ടി 40 ലക്ഷം രൂപക്കു മറിച്ചു വിറ്റുവെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണത്തെ തുടര്‍ന്നു ഭിന്നിച്ചിരുന്ന പാര്‍ട്ടി ഇന്നലെ അടിച്ചു പിരിഞ്ഞു. മാത്രമല്ല, പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഇടതു മുന്നണിയില്‍ത്തന്നെ ഉറച്ചു നില്‍ക്കുമെന്നു ഇരുവിഭാഗങ്ങളും പ്രഖ്യാപിച്ചു. രണ്ടിനേയും കൂടി ചുമക്കാനാവില്ലെന്നു സി പി എം മുന്നറിയിച്ചു. അതേസമയം ഇടതു മുന്നണിയും സി പി എമ്മിന്റെ നിലപാടു പറഞ്ഞു കൊണ്ടിരിക്കുന്നു. രണ്ടു കൂട്ടരും രണ്ടു പാര്‍ട്ടികളായി ഇടതു മുന്നണിയില്‍ തുടരുമെന്നു ഇരുഭാഗങ്ങളുടെയും പ്രവര്‍ത്തകരും വിശ്വസിക്കുന്നു.
അതേസമയം കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ ആള്‍ക്കൂട്ടത്തിനും തമ്മിലടിക്കും സ്ഥലം കൊടുത്ത ഹോട്ടലുടമകള്‍ക്കെതിരെയും പൊലീസ്‌ കേസെടുത്തു. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട്‌ എ പി അബ്‌ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മില്‍ നിലനിന്നിരുന്ന ഭിന്നതയാണ്‌ അണികളുടെ കൂട്ടത്തല്ലിലും, പാര്‍ട്ടിയുടെ പിളര്‍പ്പിലും കലാശിച്ചത്‌.
കൊച്ചിയിലെ എസ്‌ എ എസ്‌ ഹോട്ടലില്‍ രാവിലെ സെക്രട്ടറിയേറ്റും തുടര്‍ന്ന്‌ പ്രവര്‍ത്തക സമിതിയും ചേര്‍ന്ന്‌ കൊണ്ടിരിക്കെയാണ്‌ ഹോട്ടലിന്‌ പുറത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തമ്മില്‍ ആദ്യം അടി തുടങ്ങിയത്‌. രണ്ടു വാഹനങ്ങളിലായാണ്‌ പ്രവര്‍ത്തകര്‍ എത്തിയിരുന്നത്‌. പൊലീസ്‌ ഇടപെട്ടാണ്‌ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച്‌ വാഹനങ്ങളില്‍ തിരികെ അയച്ചത്‌.
തുടര്‍ന്ന്‌ പ്രസിഡണ്ടും, ജനറല്‍ സെക്രട്ടറിയും വെവ്വേറെ വാര്‍ത്താ സമ്മേളനം നടത്തി ഇരുവരേയും തത്‌ സ്ഥാനങ്ങളില്‍ നിന്ന്‌ നീക്കുകയും, പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയുമായിരുന്നു.
യോഗത്തില്‍ നിന്നിറങ്ങിപ്പോയ സംസ്ഥാന പ്രസിഡണ്ടും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പ്രത്യേക യോഗം ചേര്‍ന്ന്‌ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്‌തു. എന്നാല്‍ ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗവും യോഗം തുടര്‍ന്നു. ഒടുവില്‍ ഭാരവാഹികള്‍ പരസ്‌പരം പുറത്തായതോടെ പാര്‍ട്ടി പിളര്‍പ്പ്‌ പൂര്‍ത്തിയായി.
പിളര്‍പ്പിനെ തുടര്‍ന്ന്‌ ഇരു ചേരികളിലായ സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും ഇടത്‌ മുന്നണിയോടൊപ്പം തുടരുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.
അതേസമയം, ഐ എന്‍ എല്ലില്‍ ഉടലെടുത്ത പ്രതിസന്ധി മുന്നണിയില്‍ കടുത്ത അതൃപ്‌തിയാണുണ്ടാക്കിയിട്ടുള്ളത്‌. ഇടത്‌ മുന്നണിയിലെ ഘടക കക്ഷിയായ സി പി ഐ, ഐ എന്‍ എല്ലിലെ പ്രതിസന്ധി അവരുടെ ആഭ്യന്തര കാര്യമാണെന്ന്‌ കണ്ടെത്തിക്കഴിഞ്ഞു.
അതേസമയം എ പി അബ്‌ദുള്‍ വഹാബിനെ പ്രസിഡണ്ട്‌ സ്ഥാനത്ത്‌ നിന്ന്‌ പുറത്താക്കി. പകരം നിലവിലെ വൈസ്‌ പ്രസിഡണ്ട്‌ ബി ഹംസ ഹാജിക്ക്‌ പ്രസിഡണ്ടിന്റെ ചുമതല നല്‍കിയതായി പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ലെറ്റര്‍ ഹെഡില്‍ രേഖപ്പെടുത്തി കീഴ്‌ഘടകങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്‌.അതേസമയം പാര്‍ട്ടിയിലെ പിളര്‍പ്പും പ്രതിസന്ധിയും അണികള്‍ക്കിടയില്‍ കടുത്ത വിഷമവും നിരാശയും ഉളവാക്കിയിരിക്കുകയാണ്‌. ഏത്‌ വിഭാഗത്തോടൊപ്പം നില്‍ക്കണമെന്നതിനെ കുറിച്ച്‌ അവരും ആശയക്കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നു.
എന്നാല്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശിക്കുന്ന വിഭാഗത്തോടൊപ്പം നില്‍ക്കുമെന്നു ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.ഐ എന്‍ എല്ലിന്‌ കുറച്ചാളുകളുള്ള ജില്ല കാസര്‍കോടാണ്‌. ജില്ലാ കമ്മിറ്റി പൂര്‍ണ്ണമായും ഏത്‌ വിഭാഗത്തോടൊപ്പം നില്‍ക്കുമെന്നതിനെക്കുറിച്ച്‌ സൂചനകളൊന്നും പുറത്ത്‌ വന്നിട്ടില്ല. നിരാശരായ നേതാക്കന്മാര്‍ ഫോണ്‍ പോലുമെടുക്കുന്നില്ലെന്നു പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.
യോഗത്തില്‍ പങ്കെടുക്കാനായി ജില്ലയില്‍ നിന്നു കൊച്ചിയിലേക്ക്‌ പോയവര്‍ അണികളുടെ ഫോണും എടുക്കുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌.
എന്തായാലും ഇടതു മുന്നണിയുടെ നിലപാട്‌ ഐ എന്‍ എല്ലിന്റെ ഭാവി കാര്യങ്ങള്‍ക്കു നിര്‍ണ്ണായകമാവുമെന്നു പ്രവര്‍ത്തകര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY