കണ്ണൂര്‍: കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ പാനൂര്‍, പുല്ലൂക്കരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മുസ്ലീംലീഗ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. പരിക്കേറ്റ സഹോദരനെയും മാതാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷമാണ് കൊല.പുല്ലൂക്കര, പാറാലിലെ മുസ്തഫയുടെ മകന് പാറാല്‍ മന്‍സൂറാ(22)ണ് കൊല്ലപ്പെട്ടത്. സഹോദരന് മുഹ്സിനെ ഗുരുതരമായി വെട്ടേറ്റ നിലയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മാതാവ് സക്കീനയെ തലശ്ശേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയവൈരാഗ്യമാണെന്നും ഒരു സി പി എം പ്രവര്ത്തകന് പിടിയിലായിട്ടുണ്ടെന്നും മറ്റു 11 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തു പറമ്പ് നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പൊലീസ് അതീവ ജാഗ്രതയിലാണ്.ഇന്നലെ രാത്രി എട്ടരമണിയോടെയാണ് മന്സൂറിനു നേരെ അക്രമം ഉണ്ടായത്. നേരത്തെ 149-ാം നമ്പര്‍ ബൂത്തില്‍ ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കൊലപാതകം.രാത്രിയില്‍ വീടിനു മുന്നില്‍ നിന്ന് സുഹൃത്തുക്കളുമായി സംസാരിക്കുകയായിരുന്നു മുഹ്സിന്. ഈ സമയത്ത് പതുങ്ങിയെത്തിയ ഇരുപതോളം വരുന്ന സി പി എം – ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സഹോദരന് മന്‍സൂര്‍ അക്രമം തടയാന്‍ ശ്രമിച്ചു. ഇതിനിടയിലായിരുന്നു മന്സൂറിനു വെട്ടേറ്റത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് മാതാവിനും വെട്ടേറ്റത്. മൂന്നു പേരെയും ഉടന്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അര്‍ധരാത്രിയോടെ മന്‍സൂര്‍ മരണപ്പെട്ടു.മൃതദേഹം കോഴിക്കോട് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കും. വിവരമറിഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. കൊലപാതകവും ഹര്‍ത്താലും നടക്കുന്ന സാഹചര്യത്തില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ പ്രത്യേക ജാഗ്രത പൊലീസ് പാലിക്കുന്നു. നേരത്തെ സി പി എം -ലീഗ് സംഘര്‍ഷം നടന്ന മേഖലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.