പള്ളിക്കര: പ്രശസ്ത ഗായകനും പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്കുമായ പള്ളിക്കര, പാക്കം ചരല് കടവിലെ പ്രവീണ്‍ കുമാറി(47)ന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.
കഴിഞ്ഞ മാസം 26ന് മാണിക്കോത്ത്, അതിഞ്ഞാലില്‍ ആയിരുന്നു പ്രവീണിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍കുമാര്‍ അതിനു ശേഷം മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ആയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും.
തെയ്യംകലാകാരന്‍ ആയിരുന്ന കൃഷ്ണന് പണിക്കരുടെയും ചന്ദ്രാവതിയുടെയും മകനാണ്. ഭാര്യ: സിന്ധു പ്രവീണ്‍. മക്കള്‍: നവീന്‍, അവന്തിക. സഹോദരന്: പ്രസാദ് (കൃഷി വകുപ്പ് ഉദ്യോഗസ്ഥന്).
കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് പ്രവീണ്‍ കുമാറിലെ സംഗീത പ്രതിഭ അരങ്ങിലെത്തിയത്. 1988 ലെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സ്ഥാനം പ്രവീണിനായിരുന്നു. സംഗീത രത്നം ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്റെ ശിഷ്യത്വത്തിന് കീഴിലായിരുന്നു പ്രവീണ്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്. പിന്നീട് പ്രവീണിന്റെ സംഗീത യാത്ര ഉയരങ്ങള്‍ താണ്ടുകയായിരുന്നു. കാഞ്ഞങ്ങാട് ഭാസ്ക്കര ഭാഗവതര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്, കാഞ്ഞങ്ങാട് സോമശേഖരന്‍ എന്നിവരുടെ കീഴില്‍ സംഗീത അഭ്യാസം നടത്തിയ പ്രവീണ്‍ കുമാര്‍ പാലക്കാട് ചിറ്റൂര്‍ ഗവ. സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
ആകാശവാണിയില്‍ ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു. സംഗീത നാടക അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ തേടിയെത്തിയ പ്രവീണിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി നൂറുകണക്കിന് ശിഷ്യന്മാരുണ്ട്. നൃത്തങ്ങള്‍ക്കായി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ പ്രവീണ്‍ നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതം പകര്‍ന്ന് ശ്രദ്ധേയനായി.