കാഞ്ഞങ്ങാട്: വാഹന ഷോറൂം ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. സംഭവത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുല്ലൂര്‍, എടമുണ്ടയിലെ പ്രവാസി പാറ്റേന് ചന്ദ്രന്റെ മകന് അമല്‍ ചന്ദ്ര(21)യെയാണ് മിനിഞ്ഞാന്ന് രാവിലെ മുതല്‍ കാണാതായത്. പതിവുപോലെ കാഞ്ഞങ്ങാട്, കൊവ്വല്‍പള്ളിയിലെ വാഹന ഷോറൂമിലെ ജോലിക്കാണെ ന്ന് പറഞ്ഞാണ് അമല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊ ബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പാസ്പോര്‍ട്ടും ഏതാനും വസ്ത്രങ്ങളും എടുത്താണ് അമല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നു വ്യക്തമായി. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അമലിന്റെ ഫോണ്‍ അവസാനം സിഗ്നല്‍ കാണിച്ചത് തിരുവനന്തപുരം, തമ്പാനൂരിലാണ് അതിന് ശേഷമാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് എന്ന് കണ്ടെത്തി. പിതാവ് ചന്ദ്രന് ഗള്‍ഫിലാണ്. വീട്ടില്‍ അമലും മാതാവും ഒരു സഹോദരിയും മാത്രമാണ് താമസം.