കാസര്‍കോട്: കേരള നിയമസഭയിലേയ്ക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ അന്നും ഇന്നും ഒരേ ഒരു ആളേ ഉള്ളൂ. -എം ഉമേശ് റാവു. 1957ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആയിരുന്നു തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇടം നേടിയ ഈ സംഭവം ഉണ്ടായത്.
അന്നു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തില്‍ കാലം മാറിയപ്പോള്‍ കണക്കുകള്‍ മാറി. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞു. ഒരു തവണ ബി ജെ പി 89 വോട്ടിനു പരാജയം അംഗീകരിച്ച മണ്ഡലത്തില്‍ ഇത്തവണയും തീപാറുന്ന മത്സരത്തിനു കളമൊരുങ്ങുകയാണ്.നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലീഗ്. ഒരിക്കല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായിപ്പോയ വിജയത്തെ ഇത്തവണയെങ്കിലും ചുണ്ടോട് ചേര്‍ക്കണമെന്ന പ്രതീക്ഷയിലും കണക്കു കൂട്ടലിലുമാണ് ബി ജെ പി. അതേ സമയം 2006ലെ ത്രസിപ്പിക്കുന്ന വിജയത്തിന്റെ തനിയാവര്‍ത്തനത്തിനു ഒരുങ്ങുകയാണ് സി പി എം. മുന്‍ മന്ത്രിയും സിറ്റിംഗ് എം എല്‍ എയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയെ അടിയറവ് പറയിപ്പിച്ച് മൂന്നാം സ്ഥാനത്തേക്ക് എത്തിച്ച ചരിത്രം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി.
മഞ്ചേശ്വരത്തിന്റെ വര്‍ത്തമാനം നെഞ്ചിടിപ്പിക്കുന്ന പോരാട്ടങ്ങളിലേയ്ക്ക് നീങ്ങുമ്പോള്‍ മണ്ഡലത്തിന്റെ പഴയ ചരിത്രത്തിലേയ്ക്ക് ഊളിയിട്ട് ഒഴുക്കുകളും അടിയൊഴുക്കുകളും തേടുന്നതിന്റെ തിരക്കിലാണിപ്പോള്‍ മണ്ഡലത്തിലെ പ്രവര്‍ത്തകരും നേതാക്കളും.
1960ല്‍ കേരളം ആദ്യത്തെ ഇടക്കാല തെരെഞ്ഞെടുപ്പു നേരിട്ടു. അന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മഹാബല ഭണ്ഡാരിയും സി പി ഐയിലെ കാമപ്പ മാസ്റ്ററും നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ വിജയം മഹാബല ഭണ്ഡാരിക്കൊപ്പമായിരുന്നു. കാമപ്പ മാസ്റ്റര്‍ നേടിയ 13,131 വോട്ടിനെതിരെ 23,129 വോട്ടു നേടി മഹാബല ഭണ്ഡാരി മഞ്ചേശ്വരത്തിന്റെ മണ്ണില്‍ വിജയക്കൊടി നാട്ടി കേരള നിയമസഭയിലെത്തി. 1965ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര വേഷം ഉപേക്ഷിച്ച് സിറ്റിംഗ് എം എല്‍ എയായ മഹാബല ഭണ്ഡാരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. എം രാമണ്ണ റൈ സി പി എം സ്ഥാനാര്‍ത്ഥിയായും പി നാരായണ ഭട്ട് സ്വതന്ത്രനായും രംഗത്തിറങ്ങിയപ്പോള്‍ മത്സരത്തിനു മൂര്‍ച്ച കൂടിയെങ്കിലും വിജയം ഭണ്ഡാരിക്കായിരുന്നു. രാമണ്ണറൈ 15,139 വോട്ടു നേടിയപ്പോള്‍ ഭണ്ഡാരി 20,983 വോട്ടു നേടിയാണ് വിജയിച്ചത്. സ്വതന്ത്രനായ പി നാരായണഭട്ടിനു 4,319 വോട്ടു ലഭിച്ചു.
1967ല്‍ മണ്ഡലം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടു. കെ മഹാബല ഭണ്ഡാരി, കെ എം ഭണ്ഡാരി എന്ന പേരില്‍ സ്വതന്ത്രനായും എം രാമണ്ണ റൈ, എം ആര് റൈ എന്ന പേരിലും മത്സര രംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് മത്സര രംഗത്തിറക്കിയത് എ കൊറഗനെ ആയിരുന്നു. 23,471 വോട്ടു നേടിയ കെ എം ഭണ്ഡാരി വിജയിച്ചു. എം ആര് റൈ 18,690 വോട്ടും കൊറഗനു 980 വോട്ടും ലഭിച്ചു.
1970ല്‍ വീണ്ടും ജനവിധി ഉണ്ടായി. സി പി ഐ, സി പി എം സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ പോരാടിയ തെരഞ്ഞെടുപ്പായിരുന്നു അത്. സി പി എമ്മിലെ ബി എം രാമയ്യഷെട്ടി 13,634 വോട്ടും സ്വതന്ത്രനായി മത്സരിച്ച യു പി കുനിക്കുല്ലായ 17,491 വോട്ടും നേടിയപ്പോള്‍ വിജയം എം രാമപ്പ എന്ന കമ്മ്യൂണിസ്റ്റുകാരനൊപ്പമായിരുന്നു. വിജയം കൊയ്തെടുത്തു; 18,686 വോട്ടു കരസ്ഥമാക്കി അദ്ദേഹം വിജയക്കൊടി പാറിച്ചു.
1977ലെ തെരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ പോത്തോട്ടത്തിന്റെയും രക്ത സാക്ഷികളുടെയും നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം മാറി. സി പി ഐയിലെ എം രാമപ്പ 25,709 വോട്ടോടെ വിജയിച്ചു. ബി എല്‍ ഡിയിലെ എച്ച് ശങ്കര ആള്‍വ 21,100 വോട്ടും സ്വതന്ത്രനായി മത്സരിച്ച എന്‍ വെങ്കിടേഷ് റാവുവിനു 1622 വോട്ടും ലഭിച്ചു.1980ലെ തെരഞ്ഞെടുപ്പു കാലത്തോടെ മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയാന്തരീക്ഷം വീണ്ടും മാറി. മുസ്ലീം ലീഗിനു മണ്ഡലത്തില്‍ ആദ്യത്തെ സ്ഥാനാര്‍ത്ഥി ഉണ്ടായി- ചെര്‍ക്കളം അബ്ദുള്ളയിലൂടെ.
വാശിയേറിയ മത്സരത്തില്‍ 20,816 വോട്ടു നേടിയ ഡോ. എ സുബ്ബ റാവു വിജയിച്ചുവെങ്കിലും ചെര്‍ക്കളത്തിനു പരാജയത്തിന്റെ കയ്പു നീരു കുടിക്കേണ്ടി വന്നത് നിസാര വോട്ടുകള്‍ക്ക്. ചെര്‍ക്കളം 20,660 വോട്ടു നേടി. രണ്ടു സ്വതന്ത്രന്മാര്ക്കുമായി 11,138 വോട്ടും ലഭിച്ചു.
1982ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡോ. എ സുബ്ബറാവുവിലൂടെ മഞ്ചേശ്വരം മണ്ഡലത്തില്‍ സി പി ഐ മേധാവിത്തം ആവര്‍ത്തിച്ചു. കോണ്‍ഗ്രസില്‍ നിന്നു എന്‍ രാമകൃഷ്ണന് മത്സരിച്ചു. പ്രസ്തുത തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നു ആദ്യമായി ജനവിധി തേടിയ ബി ജെ പി മൂന്നാം സ്ഥാനത്തായെങ്കിലും ശക്തമായ രാഷ്ട്രീയ ശക്തി തെളിയിച്ച തെരഞ്ഞെടുപ്പ് ആയിരുന്നു അത്.