കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ ആറ് വയസ്സുകാരിയായ മകളുടെ കണ്ണില്‍ മുളക് തേച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. മര്‍ദ്ദനം സഹിക്കാനാവാതെ അങ്കണ്‍വാടിയില്‍ അഭയം തേടിയ കുട്ടി വീട്ടില്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അങ്കണ്‍വാടി വര്‍ക്കര്‍, പാരാ ലീഗല്‍ വളണ്ടിയറുടെ സഹായത്തോടെ താല്‍ക്കാലികമായി മറ്റൊരിടത്ത് പാര്‍പ്പിക്കുകയും അധികൃതരെ അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ കൗണ്‍സിലിംഗ് നല്കിയ ശേഷം വാര്‍ഡ് മെമ്പര്‍, അങ്കണ്‍വാടി വര്‍ക്കര്‍, പാരാലീഗല്‍ വളണ്ടിയര്‍ എസ് സി പ്രൊമോട്ടര്‍ എന്നിവരുടെ സഹായത്തോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം ശിശുസംരക്ഷണ സ്ഥാപനത്തിലാക്കി. മതിയായ ശ്രദ്ധയും പരിചരണവും നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ പന്ത്രണ്ട് വയസുകാരിയായ സഹോദരിയെ ഇതിന് മുമ്പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണത്തിലാക്കിയിരുന്നു.
രക്ഷിതാക്കള്‍ വീട്ടില്‍ രഹസ്യമായി വാറ്റാറുണ്ടെന്നും നിരവധി പേര് മദ്യപിക്കാനായി ഏത്താറുണ്ടെന്നും കുട്ടിയില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. സമീപകാലത്തായി മലയോര മേഖലയില്‍ പലയിടങ്ങളില്‍ നിന്നും സമാനമായ സാഹചര്യങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങളുണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസ്, എക്സൈസ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ശിശു സംരക്ഷണ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.
Home Breaking News ആറ് വയസ്സുകാരിയുടെ കണ്ണില്‍ മുളക് തേച്ച് മര്‍ദ്ദനം: രക്ഷിതാക്കള്‍ക്കെതിരെ കേസ്