കാസര്‍കോട്: എന്റോസള്ഫാന് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ ഫയലില്‍ ഉറങ്ങവെ ഉദാരമതികളും സന്നദ്ധ സംഘടനകളും യാഥാര്‍ത്ഥ്യമാക്കിയ ആധുനിക സംവിധാനങ്ങളുടെയുള്ള പാര്‍പ്പിടങ്ങളില്‍ കാടുകയറുന്നു.
2017ല്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എന്റോസള്ഫാന് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് എന്മകജെ പഞ്ചായത്തിലെ എന്മകജെ വില്ലേജില്‍പ്പെട്ട കാനയില്‍ അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച 36 വീടുകളില്‍ കാടുകയറി.
ഉദാരമതികള്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിന് കൈയയച്ചു നല്കിയ കോടിക്കണക്കിനു രൂപ ആര്‍ക്കും പ്രയോജനപ്പെടാതെ പാഴായിപ്പോവുന്നു. ഇതു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉദാരമതികളെ പിന്തിരിപ്പിക്കുന്നതിനും ഇടയാക്കുന്നു.
വീടും മറ്റു താമസ സൗകര്യങ്ങളൊന്നുമില്ലാതെ വിഷമിക്കുന്ന എന്റോസള്ഫാന് ദുരിതബാധിതര്‍ക്കു സ്ഥലം നല്കിയാല് വീടു നിര്‍മ്മിച്ചു നല്‍കാമെന്നു 2017ല്‍ സത്യസായി ബാവ ഓര്‍ഫനേജ് ട്രസ്റ്റ് സര്‍ക്കാരിനെ അറിയിക്കുകയും അതനുസരിച്ചു എന്മകജെയില് അഞ്ചേക്കര്‍ സ്ഥലം ഇതിനുവേണ്ടി ട്രസ്റ്റിനു വിട്ടു കൊടുക്കുകയും ചെയ്തു. ഇതനുസരിച്ച് എന്മകജെയില് രണ്ടു ബെഡ്റൂമുകളും അടുക്കളയും സിറ്റൗട്ടും ഹാളും അടുക്കള സൗകര്യങ്ങളോടും കൂടിയ 36 വീടുകള്‍ സായി ട്രസ്റ്റ് പ്രസ്തുത സ്ഥലത്തു നിര്‍മ്മിക്കുകയും അതില്‍ അര്‍ഹരായവരെ തിരഞ്ഞെടുത്തു താമസിപ്പിക്കണമെന്നഭ്യര്ത്ഥിച്ചു ജില്ലാ അധികൃതര്‍ക്കു വിട്ടുകൊടുക്കുകയും ചെയ്തു.ജില്ലാ അധികൃതര്‍ 36 പേരുടെ പേരെഴുതിയ തുണ്ടുകടലാസ് ആ കെട്ടിടങ്ങളില്‍ കൊണ്ടുപോയി ഒട്ടിക്കുകയും അവരുടെ കടമ അത്തരത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സമാധാനത്തോടെ ഇരുന്ന് എന്റോസള്ഫാനെക്കുറിച്ച് ചര്‍ച്ച നടത്തുന്നു. എന്റോസള്ഫാന് ദുരിതബാധിതരുടെ പേരില്‍ കൈകാലിട്ടടിക്കുന്ന സംഘടനകള്‍ ആ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും അധികൃതരുടെ വീരസ്യങ്ങള്‍ കേട്ട് രോമാഞ്ചം കൊള്ളുകയും ചെയ്യുന്നു. സായിട്രസ്റ്റ് വീട് നിര്‍മ്മിച്ചു നല്കിയാല് അവയ്ക്കു വൈദ്യുതിയും വെള്ളവും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നായിരുന്നു. വ്യവസ്ഥയെന്നു പറയുന്നു. എന്നാല്‍ ഇവ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. മാത്രമല്ല, വീടുകളിലേക്കുള്ള വഴിയും ഇല്ലാതായിരിക്കുന്നു., വീടുകളില്‍ കാട് മത്സരിച്ചു കയറിക്കൊണ്ടിരിക്കുന്നു.എന്മകജെയിലെ സ്ഥിതി ഇതായിരിക്കെ ഇതേ വ്യവസ്ഥയില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നിര്‍മ്മിച്ച 45 വീടുകള്‍ സര്‍ക്കാര്‍ നല്കിയ സര്‍വ്വെ നമ്പരിലല്ല പണിഞ്ഞതെന്നു സ്ഥലം നല്‍കുകയും കാലാകാലങ്ങളില്‍ നിര്‍മ്മാണം വിലയിരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത അധികൃതര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. പട്ടയം റദ്ദാക്കി പുതിയ പട്ടയം നല്‍കാനുള്ള ശ്രമമാണ് അധികൃതതലത്തില്‍ ഇപ്പോള്‍ നടക്കുന്നത്.
പുല്ലൂര്‍ കാട്ടുമാടത്ത് എന്റോസള്ഫാന് ദുരിതബാധിതര്‍ക്കു വീടുണ്ടാക്കാനും 2017ല്‍ സര്‍ക്കാര്‍ അഞ്ചേക്കര്‍ സ്ഥലം നല്‍കിയിരുന്നു. സ്ഥലം അളന്നു തിട്ടപ്പെടുത്തി നല്‍കുകയും സായിട്രസ്റ്റ് അവിടെ 45 വീടുകള്‍ ഉണ്ടാക്കി അര്‍ഹരായവര്‍ക്കു നല്കണമെന്നാവശ്യപ്പെട്ടുസര്ക്കാരിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഈസ്ഥലത്തിന്റെ സര്‍വ്വെ നമ്പര്‍ മാറിയെന്ന് സ്ഥലം നല്കിയവര് തന്നെ കണ്ടെത്തുകയും തുടര്‍ന്ന് ഒരു വീടിനുപോലും കെട്ടിട നമ്പര്‍ നല്‍കാതിരിക്കുകയും ചെയ്യുന്നു. 45 വീടുകളില്‍ 21 എണ്ണം ഗുണഭോക്താക്കള്‍ക്കു നല്കി. അവശേഷിച്ചവ ആള്‍പാര്‍പ്പില്ലാതെ കിടക്കവെ ദുരിതബാധിതയും പഠനത്തില്‍ മിടുക്കിയും സ്വന്തമായി വീടില്ലാത്തവരുമായ ഒരു കുടുംബത്തിനു സായി ട്രസ്റ്റ് ചെയര്മാന് പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്ഡ്മെമ്പ റുടെയും സമ്മതത്തോടെ ഒരു വീടുകൊടുത്തു. ആ വീട്ടില്‍ നിന്ന് അവരെ കുടിയിറക്കാന്‍ അധികൃതര്‍ ആരംഭിച്ച ശ്രമത്തിനെതിരെ നാട്ടില്‍ പ്രതിഷേധം ഉയരുകയും ചെയ്തു.
പാവങ്ങളെ സഹായിക്കുകയുമില്ല, ആരെങ്കിലും സഹായിക്കാനെത്തിയാല്‍ അതു തടസ്സപ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളില്‍ പ്രതിഷേധം രൂക്ഷമാക്കുകയാണ്.