കാഞ്ഞങ്ങാട്: ഭര്‍ത്താവിനെ ഭയപ്പെടുത്തുന്നതിനാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതെന്നു യുവതിയുടെ മരണമൊഴി. പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ രാജേന്ദ്രന്റെ ഭാര്യ കെ ഓമന(32)യാണ് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് ഇങ്ങനെ മൊഴി നല്കിയിട്ടുള്ളതെന്നു പൊലീസ് പറഞ്ഞു.
സാരമായി പൊള്ളലേറ്റ ഓമന ഇന്നലെ പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ഈ മാസം 14ന് രാത്രിയിലാണ് ഓമന തീകൊളുത്തി ആത്മാഹൂതിക്കു ശ്രമിച്ചത്. സ്ഥിരം മദ്യപാനിയായ ഭര്‍ത്താവ് ഓമനയെ മര്‍ദ്ദിക്കുന്നത് പതിവാണെന്നു ബന്ധുക്കള്‍ ആരോപിച്ചു. മരണത്തില്‍ രാജേന്ദ്രനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. മരണമൊഴി വിശദമായി പരിശോധിച്ചു വരികയാണെന്നും തുടര്‍ നിയമനടപടി സ്വീകരിക്കുമെന്നും രാജപുരം പൊലീസ് പറഞ്ഞു.