കര്‍ണ്ണാടകയില്‍ നിന്നു മോഷ്‌ടിച്ച ബുള്ളറ്റുമായി യുവാവ്‌ അറസ്റ്റില്‍

0
22

കുമ്പള: കര്‍ണ്ണാടകയില്‍ നിന്നും മോഷ്‌ടിച്ച ബുള്ളറ്റുമായി യുവാവ്‌ അറസ്റ്റില്‍. ഉപ്പള, ബാപ്പായിത്തൊടിയിലെ മുഷ്‌ക്കാന്‍ മന്‍സിലില്‍ സഹീറി(25)നെയാണ്‌ കുമ്പള ഇന്‍സ്‌പെക്‌ടര്‍ കെ പ്രമോദ്‌കുമാറും സംഘവും അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളില്‍ നിന്നു കണ്ടെടുത്ത ബുള്ളറ്റില്‍ വ്യാജ നമ്പര്‍ പ്ലേറ്റ്‌ ഘടിപ്പിക്കുകയായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു. ഇന്നലെ രാത്രി ഏഴര മണിയോടെ ആരിക്കാടി ദേശീയപാതയിലാണ്‌ സഹീര്‍ പൊലീസിന്റെ പിടിയിലായത്‌. ഇന്‍സ്‌പെക്‌ടറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയില്‍ എത്തിയ സഹീറിനെ കൈകാണിച്ചു നിര്‍ത്തുകയായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നി വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ്‌ ബുള്ളറ്റ്‌ കര്‍ണ്ണാടകയില്‍ നിന്ന്‌ മോഷ്‌ടിച്ചതാണെന്ന്‌ സമ്മതിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു. കര്‍ണ്ണാടക രജിസ്റ്റര്‍ നമ്പര്‍ പ്ലേറ്റ്‌ ഇളക്കി മാറ്റി കാസര്‍കോട്‌ രജിസ്‌ട്രേഷന്‍ എന്ന്‌ വ്യക്തമാക്കുന്ന വ്യാജ നമ്പര്‍ പ്ലേറ്റ്‌ ഘടിപ്പിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.
സഹീറിനെതിരെ കര്‍ണ്ണാടകയില്‍ പത്തിലേറെ വാഹന മോഷണ കേസുകള്‍ ഉള്ളതായി പൊലീസ്‌ പറഞ്ഞു. അറസ്റ്റ്‌ വിവരം കര്‍ണ്ണാടക പൊലീസിനെ അറിയിച്ചതായി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY