മൈസൂരില്‍ സ്വര്‍ണ്ണം വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌; ആദൂര്‍ സ്വദേശി ഉള്‍പ്പെടെ ഏഴ്‌ പേര്‍ അറസ്റ്റില്‍

0
31

കാസര്‍കോട്‌: മൈസൂരുവില്‍ സ്വര്‍ണ്ണം വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ നടത്തിയ കേസില്‍ ആദൂര്‍ സ്വദേശി ഉള്‍പ്പെടെ ഏഴംഗ സംഘത്തെ അറസ്റ്റ്‌ ചെയ്‌തു.
ആദൂര്‍ സ്വദേശി മുഹമ്മദ്‌ ഷാഫി(47), കണ്ണൂര്‍ തളിപ്പറമ്പ്‌ സ്വദേശികളായ മുസ്‌തഫ (57), കുഞ്ഞിരാമന്‍ (59), കുടക്‌ മടിക്കേരി സ്വദേശികളായ അബ്‌ദുള്‍ ഹക്കീം (44), ബി പി ഗുരുചരണ്‍ (34) കക്കബെ സ്വദേശി കെ എ കാര്‍ത്തിക്‌ (29), മൈസൂരുവിലെ ബെന്നി മണ്ഡപ്‌ നിവാസി സമീയുള്ള (47) എന്നിവരെയാണ്‌ മൈസൂരു സിറ്റി പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌.
മൈസൂരുവിലെ എസ്‌ എസ്‌ നഗര്‍ നിവാസിയായ അബ്‌ദുള്‍ സമദ്‌ എന്നയാളാണ്‌ തട്ടിപ്പിനിരയായത്‌. അബ്‌ദുള്‍ സമദിനെ സ്വര്‍ണ്ണ വ്യാപാരിയെന്ന വ്യാജേന കുറഞ്ഞ വിലക്ക്‌ സ്വര്‍ണ്ണം നല്‍കാമെന്ന്‌ പറഞ്ഞ്‌ മറ്റ്‌ പ്രതികളെയും കൂട്ടി അഞ്ച്‌ ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ്‌ കേസ്‌. പ്രതികളില്‍ നിന്ന്‌ 15 ലക്ഷം രൂപ, 20 ഗ്രാമിന്റെ ഒരു സ്വര്‍ണ്ണ ബിസ്‌ക്കറ്റ്‌, രണ്ടു കാറുകള്‍, ഒരു ഇരുചക്രവാഹനം എന്നിവ പിടിച്ചെടുത്തു. മുസ്‌തഫയും ഷാഫിയും ചേര്‍ന്ന്‌ കൊല്ലം ജില്ലയിലും സമാന തട്ടിപ്പ്‌ നടത്തിയിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച്‌ ആഡംബര ജീവിതമാണ്‌ പ്രതികള്‍ നയിച്ചു വരുന്നത്‌.ആദൂര്‍ സ്വദേശിയായ ഷാഫി നേരത്തെയും തട്ടിപ്പ്‌ കേസില്‍ പ്രതിയാണ്‌. വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ കാണിച്ച്‌ 28 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്‌ നേരത്തെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നത്‌.

NO COMMENTS

LEAVE A REPLY