ഭെല്‍-ഇ എം എല്‍: കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ മുഖ്യമന്ത്രി

0
23

തിരു/കാസര്‍കോട്‌: ഭെല്‍- ഇ എം എല്‍ കമ്പനി ഏറ്റെടുക്കല്‍ നടപടി കേന്ദ്രത്തിന്റെ അനുമതി കിട്ടാതെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായവകുപ്പ്‌ മന്ത്രി ഇ പി ജയരാജനും ഉറപ്പു നല്‍കി. എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്‌, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ഉറപ്പ്‌.
കമ്പനി കൈമാറ്റം പൂര്‍ത്തിയായാല്‍ കമ്പനി പുനരുദ്ധരിക്കാനും ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന്‌ അവര്‍ അറിയിച്ചു. തൊഴിലാളി യൂണിയന്‍ നേതാക്കളായ കെ പി മുഹമ്മദ്‌ അഷ്‌റഫ്‌, വി രത്‌നാകരന്‍, എ വാസുദേവന്‍, കെ ജി സാബു എന്നിവര്‍ സംബന്ധിച്ചു.
ഭെല്‍ ഇ എം എല്‍ കമ്പനി കൈമാറ്റത്തിനുള്ള അന്തിമ അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിക്കുവാന്‍ വൈകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട്‌ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാനെ കണ്ട്‌ ചര്‍ച്ച നടത്തി.
കേന്ദ്ര മന്ത്രിമാര്‍ക്ക്‌ നിരവധി തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും വിഷയം പാര്‍ലിമെന്റില്‍ ഉന്നയിച്ചിട്ടും കോടതിവിധികള്‍ നടപ്പിലാക്കാത്ത സാഹചര്യത്തിലുമാണ്‌ ട്രേഡ്‌ യൂണിയന്‍ പ്രതിനിധികളുമായി എം എല്‍ എ ഗവര്‍ണ്ണറെ കണ്ടത്‌. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ പ്രത്യേക ഇടപെടല്‍ ഉണ്ടാവുമെന്ന്‌ ഗവര്‍ണ്ണര്‍ ഉറപ്പു നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY