കാനത്തൂരിലെ കൊലയും ആത്മഹത്യയും കള്ളത്തോക്കിന്റെ ഉടമയെ കണ്ടെത്താന്‍ അന്വേഷണം

0
37

കാനത്തൂര്‍: വടക്കേക്കര കോളനിയില്‍ ഭാര്യയെ വെടിവച്ചുകൊല്ലാന്‍ ഉപയോഗിച്ച കള്ളത്തോക്കിന്റെ ഉടമയെ കണ്ടെത്താന്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ഇതിനു മുന്നോടിയായി ഫോറന്‍സിക്‌ വിദഗ്‌ദ്ധര്‍ സ്ഥലത്തെത്തി തോക്കു പരിശോധിച്ചു. അതിമാരക ശക്തിയുള്ള തോക്കാണ്‌ ഇതെന്നാണ്‌ പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്‌. കൂടുകല്‍ പരിശോധനയ്‌ക്കായി തോക്ക്‌ ഫോറന്‍സിക്‌ -ബാലിസ്റ്റിക്‌ പരിശോധനയ്‌ക്ക്‌ അയക്കും. ഇതിനു മുമ്പു എത്ര തവണ ഈ തോക്ക്‌ ഉപയോഗിച്ച്‌ വെടിയുതിര്‍ത്തിട്ടുണ്ടെന്നു ബാലിസ്റ്റിക്‌ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ്‌ പൊലീസിന്റെ പ്രതീക്ഷ.
വടക്കേക്കര കോളനിയില്‍ ബേബി ശാലിനിയെ ഭര്‍ത്താവ്‌ വിജയന്‍ വെടിവച്ചുകൊന്നത്‌ മിനിഞ്ഞാന്ന്‌ ഉച്ചയ്‌ക്കാണ്‌. അതിനു ശേഷം തോക്കുമായി വീട്ടില്‍ നിന്നു പോയ വിജയന്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
മദ്യലഹരിയില്‍ ഭാര്യയുമായി ഉണ്ടായ വാക്കേറ്റത്തിനു ഇടയിലാണ്‌ അഞ്ചുവയസ്സുള്ള മകന്‍ അഭിഷേകിന്റെ മുന്നില്‍ വച്ച്‌ ഭാര്യയെ വിജയന്‍ തലയ്‌ക്കു വെടിവെച്ചുകൊന്നത്‌.
സംഭവത്തിനു തലേനാള്‍ വിജയന്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയെ ഫോണിലേയ്‌ക്ക്‌ വിളിച്ചു ശല്യപ്പെടുത്തുന്നുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്‌. ഇതിന്മേല്‍ ആരോപണ വിധേയനായ യുവാവിനെ പൊലീസ്‌ സ്റ്റേഷനിലേയ്‌ക്ക്‌ വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്‌തിരുന്നു. താനല്ല, തന്നെയാണ്‌ ഫോണില്‍ വിളിച്ചതെന്നും മണ്ണു മാറ്റുന്ന കാര്യം പറയാനാണ്‌ വിളിച്ചതെന്നുമാണ്‌ ജെ സി ബി ഡ്രൈവറായ യുവാവ്‌ പൊലീസിനു മൊഴി നല്‍കിയത്‌. തുടര്‍ അന്വേഷണത്തിനായി വിജയനെയും ഭാര്യയെയും വിളിപ്പിച്ചിരുന്നു. ഇതിനിടയിലാണ്‌ പരാതിയെ ചൊല്ലി ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്കുണ്ടായതും പിന്നീട്‌ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതും. നാട്ടില്‍ വ്യാപകമായിട്ടുള്ള അനധികൃത മദ്യവില്‌പനയാണ്‌ ദാരുണമായ സംഭവത്തിനിടയാക്കിയതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. കോളനികളില്‍ അടക്കം മദ്യം എത്തിച്ചു നല്‍കുന്നതിനു ആള്‍ക്കാരുണ്ടെന്നും പറയുന്നു. കര്‍ണ്ണാടക നിര്‍മ്മിത മദ്യവും ബിവറേജസ്‌ കോര്‍പറേഷന്‍ മദ്യവും എത്തിച്ചു നല്‍കുന്നതിനും പ്രദേശത്ത്‌ നിരവധി സംഘങ്ങളുണ്ട്‌. ഇത്തരക്കാരെ അമര്‍ച്ച ചെയ്യണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

NO COMMENTS

LEAVE A REPLY