ഉപ്പള: തകര്‍ന്ന റോഡില്‍ കൂടി വാഹനങ്ങള്‍ ഓടാന്‍ മടിക്കുന്നത് നാട്ടുകാരുടെ യാത്രക്ക് ദുരിതമാകുന്നു.മംഗല്പാടി പഞ്ചായത്തിലെ കൃഷ്ണ നഗറില്‍ നിന്നും ചെറുഗോളിയിലേക്കുള്ള റോഡാണ് കുണ്ടും കുഴിയും നിറഞ്ഞ് തകര്‍ന്നത്. ഈ റോഡ് പകുതി കോണ്‍ക്രീറ്റ് നടത്തിയിരുന്നുവെങ്കിലും ബാക്കി ഭാഗം തകര്‍ന്നു തന്നെ കിടക്കുകയാണ്. ഇതുമൂലം ഈ റോഡില്‍ കൂടി വാഹനങ്ങള്‍ ഓടാന്‍ മടിക്കുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. പ്രതാപ് നഗര്‍, തിമ്പറ, സോങ്കാല്‍ എന്നിവിടങ്ങളിലെ ആളുകള്‍ യാത്രാ സൗകര്യത്തിനായി ഈ റോഡാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ റോഡ് തകര്‍ന്നതോടെ യാത്രാദുരിതം വര്‍ധിച്ചു.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡിലെ കുഴിയില്‍ ചെളിവെള്ളവും നിറഞ്ഞതോടെ ദുരിതം ഇരട്ടിയായി. റോഡിനരികില്‍ ഓവുചാലില്ലാത്തതാണ് മഴവെള്ളം റോഡില്‍ തന്നെ കെട്ടി നില്ക്കാന് കാരണമാകുന്നത്. തകര്‍ന്ന റോഡ് എത്രയും വേഗം നന്നാക്കി യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.