കാഞ്ഞങ്ങാട്: മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന് പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ ചന്തേര പൊലീസ് മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
ബേക്കല്‍ പനയാലിലെ എം കെ അബ്ദുള്‍ റഹ്മാന്, തൃക്കരിപ്പൂര്‍ പേക്കടത്തെ ഹയറുന്നീസ്, ചെറുവത്തൂര്‍ തിമിരിയിലെ പി വി കുഞ്ഞഹമ്മദ് എന്നിവരുടെ പരാതിയിലാണ് പുതുതായി മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. അബ്ദുള്‍ റഹിമാന്‍ അഞ്ചു ലക്ഷം രൂപയും ഹയറുന്നീസ 30 ലക്ഷം രൂപയും, കുഞ്ഞഹമ്മദ് 11.50 ലക്ഷവും നിക്ഷേപിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അബ്ദുള്‍ റഹ്മാന് നല്കിയ കേസില്‍ പൂക്കോയ തങ്ങള്‍ മാത്രമാണ് പ്രതി. അതിനിടയില്‍ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി എം സി ഖമറുദ്ദീന് എം എല്‍ എക്കെതിരെയുള്ള 40 കേസുകള്‍ കൂടി പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. ഇതോടെ ഈ സംഘം ഏറ്റെടുക്കുന്ന കേസുകളുടെ എണ്ണം 116 ആയി ചന്തേര, കാസര്‍കോട് ടൗണ്‍, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷുകളിലെടുത്ത കേസുകള്‍ ക്രൈം നമ്പര്‍ മാറ്റി പ്രത്യേക അന്വേഷണ സംഘം പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യുകയാണ്.കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ ജി ഓഫീസിലെ ഡിവൈ എസ് പി സി കെ സുനില്‍കുമാറിനെ കൂടി പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായെത്തിയ 40 കേസുകളില്‍ 20 എണ്ണം ഇദ്ദേഹം അന്വേഷിക്കും.