സി ബി ഐ വീണ്ടും കല്യോട്ടേക്ക്‌; സി പി എം കടുത്ത പ്രതിരോധത്തില്‍

0
17

കാസര്‍കോട്‌: കല്യോട്ട്‌ ഇരട്ടക്കൊലക്കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സി ബി ഐ സംഘം എത്തുമ്പോള്‍ സി പി എം കടുത്ത പ്രതിരോധത്തില്‍. പഞ്ചായത്തു തെരഞ്ഞെടുപ്പു പ്രചരണത്തിനു ചൂടു പിടിച്ചു വരുന്നതിനിടയിലാണ്‌ സംസ്ഥാന രാഷ്‌ട്രീയത്തില്‍ കോളിളക്കം സൃഷ്‌ടിച്ച ഇരട്ടക്കൊല കേസ്‌ അന്വേഷണത്തിനായി സി ബി ഐ സംഘം എത്തുന്നത്‌. അന്വേഷണ സംഘം ദിവസങ്ങള്‍ക്കുള്ളില്‍ കല്യോട്ടെത്തുമെന്നാണ്‌ സൂചന. സി ബി ഐ തിരുവനന്തപുരം യൂണിറ്റ്‌ മേധാവി നന്ദകുമാര്‍ നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈ എസ്‌ പി ടി പി അനന്തകൃഷ്‌ണനാണ്‌ കേസ്‌ അന്വേഷിക്കുക.
ആദ്യം ലോക്കല്‍ പൊലീ സും പിന്നീട്‌ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സി പി എം മുന്‍ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ എല്ലാം അറസ്റ്റു ചെയ്‌തിരുന്നു. പ്രതികള്‍ ഇപ്പോഴും റിമാന്റിലാണ്‌. ഇരട്ടക്കൊല നടന്ന സമയത്ത്‌ സി പി എം ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന കെ മണികണ്‌ഠന്‍, പെരിയ ലോക്കല്‍സെക്രട്ടറി ബാലകൃഷ്‌ണന്‍ എന്നിവരെ കേസില്‍ പ്രതികളാക്കിയിരുന്നുവെങ്കിലും ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്‌ കെ മണികണ്‌ഠന്‍. അതുകൊണ്ടുതന്നെ സി ബി ഐ അന്വേഷണം മണികണ്‌ഠനും സി പി എമ്മിനും നിര്‍ണ്ണായകമാണ്‌. ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഇതേ കുറിച്ച്‌ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.
ഹൈക്കോടതി സി ബി ഐ അന്വേഷണത്തിനു ഉത്തരവിടുകയും കുറ്റപത്രം റദ്ദാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുയായിരുന്നു. ഹൈക്കോടതി വിധി സുപ്രീം കോടതിയും അംഗീകരിച്ചതോടെയാണ്‌ സി ബി ഐ അന്വേഷണത്തിനു കളമൊരുങ്ങിയത്‌.
അന്വേഷണത്തിന്റെ ഭാഗമായി സി ബി ഐ ഉദ്യോഗസ്ഥര്‍ നേരത്തെ കല്യോട്ട്‌ എത്തി കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളില്‍ നിന്നു മൊഴിയെടുത്തിരുന്നു. ഇരട്ടക്കൊലയില്‍ ഉന്നത ഗൂഢാലോചന ഉണ്ടെന്നാണ്‌ ഇരുവരും മൊഴി നല്‍കിയിരുന്നത്‌. ഈ മൊഴിയുടെ ചുവടു പിടിച്ചായിരിക്കും സി ബി ഐ അന്വേഷണം ആരംഭിക്കുകയെന്നാണ്‌ സൂചന.

NO COMMENTS

LEAVE A REPLY