കാഞ്ഞങ്ങാട്: കെട്ടിവലിച്ചു കൊണ്ടുപോവുകയായിരുന്ന വാഹനത്തിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിനു ദാരുണാന്ത്യം. മടിക്കൈ, കണ്ടംകുട്ടിച്ചാല്‍ സ്വദേശിയും രാവണേശ്വരത്തു താമസക്കാരനുമായ രതീഷ്(35) ആണ് മരിച്ചത്. ഇന്നലെ രാത്രി കെ എസ് ടി പി റോഡില്‍ ഇക്ബാല്‍ ജംഗ്ഷനിലാണ് അപകടം. എഞ്ചിന് തകരാറിനെ തുടര്‍ന്ന് വഴിയില്‍ കിടന്ന പാഴ്വസ്തുക്കള് കയറ്റിയ ഗുഡ്സ് ഓട്ടോയെ മറ്റൊരു വാഹനം നീളമുള്ള കയര്‍ ഉപയോഗിച്ച് കെട്ടിവലിച്ചുകൊണ്ടു പോകുന്നതിനിടയിലായിരുന്നു അപകടം. ആദ്യവാഹനം ഇക്ബാല്‍ ജംഗ്ഷനിലേക്ക് തിരിഞ്ഞ ഉടന്‍ കാഞ്ഞങ്ങാടു നിന്നു രാവണേശ്വരത്തേയ്ക്ക് പോവുകയായിരുന്ന രതീഷ് ഓടിച്ചിരുന്ന ബൈക്ക് കടന്നു പോവുകയായിരുന്നു. ഇതിനിടയിലാണ് കയര്‍ കഴുത്തില്‍ കുരുങ്ങിയത്. നിലത്തു വീണ രതീഷിനെ മീറ്ററുകളോളം ദൂരത്തേയ്ക്ക് വലിച്ചുകൊണ്ടുപോയി. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ ഉടന്‍ അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമായത്. റോഡില്‍ തളംകെട്ടിയ രക്തം ഫയര്‍ഫോഴ്സെത്തി വെള്ളം ചീറ്റി കഴുകി കളഞ്ഞു. നേരത്തെ പ്രവാസിയായിരുന്ന രതീഷ് നിലവില്‍ കെ എസ് ഇ ബി യിലെ കരാര്‍ ജോലിക്കാരനാണ്. ഗുരുദേവന് -സുമതി ദമ്പതികളുടെ മകനാണ്. ഭാര്യ: സബിത. മക്കള്‍: നിധീഷ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. രാവണേശ്വരം), നിമിഷ (വിദ്യാര്‍ത്ഥിനി) സഹോദരി: മല്ലിക.