കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി അച്ഛനും മകളും ജനവിധി തേടുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരപ്പ ഡിവിഷനില്‍ ബിജെപി മുന്‍ മണ്ഡലം കമ്മിറ്റിയംഗവും ബിജെപി മുന്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ കരിയനും, കിനാനൂര്‍ ഡിവിഷനില്‍ ഇദ്ദേഹത്തിന്റെ മകളായ രശ്മിയുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.
സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന രശ്മി തന്റെ കന്നിയങ്കത്തിനാണ് ഇറങ്ങുന്നതെങ്കില്‍, കര്‍ഷകനായ കരിയന്‍ തന്റെ രണ്ടാമങ്കത്തിനാണ് ഇറങ്ങുന്നത്. മുന്‍പ് ബിജെപി പരപ്പ വാര്‍ഡ് സ്ഥാനാര്‍ത്ഥിയായും ജനവിധി തേടിയിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ സാധിക്കും എന്ന ആത്മ വിശ്വാസത്തിലാണ് ഈ അച്ഛനും മകളും. ഭര്‍ത്താവിനും മകള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി കരിയന്റെ ഭാര്യ മേരിയും മക്കളായ രേഷ്മയും രാഹുലും രശ്മിയുടെ ഭര്‍ത്താവായ രഞ്ജിത്തും രേഷ്മയുടെ ഭര്‍ത്താവായ മകേഷും രംഗത്തുണ്ട്.