തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌: ജാഗ്രത കൈവിടരുത്‌: ഡി എം ഒ

0
25

കാഞ്ഞങ്ങാട്‌: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ എ വി രാംദാസ്‌ അറിയിച്ചു. ജില്ലയില്‍ നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ്‌ വരുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ട്‌. കോവിഡ്‌ വ്യാപനത്തിന്‌ ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പാണിത്‌. വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, ആള്‍ക്കൂട്ടം, മുഖാമുഖം സമ്പര്‍ക്കമുണ്ടാകുന്ന അവസരം എന്നീ സാഹചര്യങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ വ്യാപനം നടക്കുന്നത്‌. ആരില്‍ നിന്നും കോവിഡ്‌ പകരുന്ന അവസ്ഥയാണ്‌ ഇപ്പോഴുമുള്ളത്‌. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. കോവിഡ്‌ വന്നു പോകട്ടെയെന്ന്‌ ആരും ചിന്തിക്കരുത്‌. കോവിഡ്‌ രോഗമുക്തിയ്‌ക്ക്‌ ശേഷമുണ്ടാകുന്ന പ്രശ്‌നങ്ങളായ പോസ്റ്റ്‌ കോവിഡ്‌ സിന്‍ഡ്രോം വലിയ ആരോഗ്യ പ്രശ്‌നമായി മാറുകയാണ്‌. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്‌ ധരിക്കുകയും ഇടയ്‌ക്കിടയ്‌ക്ക്‌ കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുകയും വേണം. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

NO COMMENTS

LEAVE A REPLY