കാട്ടുപന്നിയുടെ കുത്തേറ്റ്‌ നിര്‍മ്മാണതൊഴിലാളി മരിച്ചു

0
46

ഉപ്പള:കാട്ടുപന്നിയുടെ കുത്തേറ്റ്‌ നിര്‍മ്മാണ തൊഴിലാളിയായ യുവാവ്‌ മരിച്ചു. ഇന്ന്‌ രാവിലെ കുബണൂരിലാണ്‌ നാടിനെ നടുക്കിയ ദുരന്തം നടന്നത്‌.കുബണൂരിലെ രാജേഷ്‌ (41) ആണ്‌ മരിച്ചത്‌. നിര്‍മ്മാണ തൊഴിലാളിയായ രാജേഷ്‌ രാവിലെ ജോലിക്ക്‌ പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. വീടിനടുത്ത്‌ നിന്ന്‌ ഇരുപത്‌ മീറ്റര്‍ അകലെയുള്ള സ്‌കൂള്‍ മൈതാനത്ത്‌ എത്തിയപ്പോഴാണ്‌ കാട്ടുപന്നി ചാടി വീണത്‌. പൊടുന്നനെയുള്ള പന്നിയുടെ ആക്രമണത്തില്‍ നിന്നും രാജേഷിന്‌ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ചാടി വീഴുന്നതിനിടയില്‍ തന്നെ പന്നിയുടെ കുത്ത്‌ കഴുത്തില്‍ തറച്ചിരുന്നു. ആഴത്തില്‍ മുറിവേറ്റ രാജേഷ്‌ വേദനയില്‍ പുളയുന്നതിനിടയിലും രക്ഷപ്പെടാന്‍ പന്നിയുമായി മല്‍പ്പിടുത്തം നടത്തുകയായിരുന്നു. ഇതിനിടയില്‍ രാജേഷിന്റെ നിലവിളികേട്ട്‌ നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പന്നി പിടിവിട്ട്‌ രക്ഷപ്പെടുകയായിരുന്നു. കഴുത്തില്‍ മാരകമായി കുത്തേറ്റ്‌ നിലത്ത്‌ വീണ്‌ കിടന്ന രാജേഷിനെ നാട്ടുകാര്‍ ആദ്യം ബന്തിയോട്‌ ആശുപത്രിയിലെത്തിച്ചു. പിന്നീട്‌ മംഗളൂരു ആശുപത്രിയിലേക്ക്‌ കൊണ്ടു പോകും വഴിയാണ്‌ മരിച്ചത്‌. കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിനുണ്ടായ ദാരുണ അന്ത്യം നാടിനെ നടുക്കി. ഈ പ്രദേശത്ത്‌ കാട്ടുപന്നിയുടെ ആക്രമണം പതിവാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. സാധാരണ രീതിയില്‍ രാജേഷ്‌ ജോലിക്ക്‌ പോകുന്നത്‌ കൂട്ടുകാരോടൊപ്പം ബൈക്കിലായിരുന്നു. എന്നാല്‍ ഇന്ന്‌ തനിച്ച്‌ നടന്നു പോകുന്നതിനിടെയാണ്‌ ദുരന്തം ഉണ്ടായത്‌. മൃതദേഹം മംഗളൂരു ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്‌. പൊലീസ്‌ എത്തി ഇന്‍ക്വസ്റ്റ്‌ നടത്തി പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ടുവരും.
ബി ജെ പി നേതാവും മംഗല്‍പാടി പഞ്ചായത്ത്‌ മെമ്പറുമായ എം ബാബുവിന്റെ മകനാണ്‌ രാജേഷ്‌. പരേതയായ കല്യാണിയാണ്‌ അമ്മ.
ഭാര്യ: സുഹാസിനി. നാല്‍പ്പത്‌ ദിവസം മാത്രം പ്രായ തന്‍വീഷ്‌ രാജ്‌ ഏക മകന്‍. സഹോദരങ്ങള്‍: നാരായണ, രുക്‌മാകര, നളിനി.

NO COMMENTS

LEAVE A REPLY