ഖമറുദ്ദീന്‍ എം എല്‍ എയ്‌ക്ക്‌ ജാമ്യമില്ല; 40 കേസുകളില്‍ കൂടി അറസ്റ്റ്‌

0
34

കാഞ്ഞങ്ങാട്‌/കാസര്‍കോട്‌: ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പ്‌ കേസില്‍ റിമാന്റില്‍ കഴിയുന്ന മഞ്ചേശ്വരം എം എല്‍ എയും കമ്പനി ചെയര്‍മാനുമായ എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൊസ്‌ദുര്‍ഗ്ഗ്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നടത്തിയ വാദഗതികള്‍ അംഗീകരിച്ചുകൊണ്ടാണ്‌ ആദ്യത്തെ മൂന്നു കേസുകളിന്മേല്‍ ജാമ്യാപേക്ഷ തള്ളിയത്‌. അതേ സമയം നിക്ഷേപ തട്ടിപ്പു പരമ്പരയില്‍ 40 കേസുകളില്‍ കൂടി മഞ്ചേശ്വരം എം എല്‍ എയും ജ്വല്ലറി ചെയര്‍മാനുമായ എം സി ഖമറുദ്ദീനെതിരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു രേഖപ്പെടുത്തി. ഇതോടെ പ്രത്യേക അന്വേഷണ സംഘം ഖമറുദ്ദീനെതിരെ അറസ്റ്റ്‌ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 51 ആയി. ആദ്യം മൂന്നുകേസുകളില്‍ അറസ്റ്റിലായ എം എല്‍ എ റിമാന്റില്‍ കഴിയുന്നതിനിടയില്‍ ആണ്‌ പതിനൊന്നു കേസുകളില്‍ കൂടി ഇന്നലെ അറസ്റ്റു രേഖപ്പെടുത്തിയത്‌. അതേ സമയം ഇന്നു പുതുതായി രണ്ടു കേസുകള്‍ കൂടി ചന്തേര പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌തു. ഇതോടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുവുമായി ബന്ധപ്പെട്ട്‌ രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം 126 ആയി.
കേസില്‍ ഒളിവില്‍ കഴിയുന്ന കമ്പനി മാനേജിംഗ്‌ ഡയറക്‌ടര്‍ ടി കെ പൂക്കോയ തങ്ങളെ ഇനിയും കണ്ടെത്താനായിട്ടില്ല. തങ്ങളും അയാളുടെ ഇളയമകനും എവിടെയോ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ്‌ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ച സൂചന. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു.

NO COMMENTS

LEAVE A REPLY