നീലേശ്വരം: ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട കാമുകിയുടെ വീട് ഗൂഗിള്‍മാപ്പ് ഉപയോഗിച്ച് കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ നീലേശ്വരം സ്വദേശിയായ പത്തൊന്പതുകാരന് പയ്യന്നൂര്‍ പൊലീസിന്റെ പിടിയില്‍. തൃക്കരിപ്പൂര്‍ സ്വദേശിനിയായ പതിനാറുകാരിയുമായാണ് യുവാവ് ഫെയ്സ്ബുക്ക് വഴി പ്രണയത്തിലായത്. പ്രണയം കഠിനമായതോടെ കാമുകിയെ നേരിട്ട് കാണാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് കാമുകിയുടെ വീട്ടില്‍ രാത്രി എത്താനായിരുന്നു പദ്ധതിയിട്ടത്.
അങ്ങനെ നീലേശ്വരത്ത് നിന്ന് തൃക്കരിപ്പൂര്‍ ഒളവറയിലെ കാമുകിയുടെ വീട്ടിലേക്ക് തിരിച്ചു. ഏകദേശം രാത്രി 12.30 വോടെ കണ്ണൂര്‍- കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ ഒളവറ പാലത്തിനടുത്തെത്തി. ഗൂഗിള്‍ മാപ്പ് കൃത്യമായി അവിടെവരെ കൊണ്ടെത്തിച്ചുവെങ്കിലും കാമുകിയുടെ വീട്ടിലേക്കുള്ള വഴി തിരിച്ചറിയാനാകാതെ കുഴങ്ങി നില്‍ക്കുന്നതിനിടയിലാണ് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം അവിടെ എത്തിയത്.
പൊലീസിനെ കണ്ട ഉടന്‍ യുവാവ് പരുങ്ങി. ഇതോടെ പൊലീസ് അടുത്തെത്തി കാര്യങ്ങള്‍ തിരക്കി നീലേശ്വരത്തുകാരന് അര്‍ധരാത്രിയില്‍ ഇവിടെ എന്ത് കാര്യം എന്ന ചോദ്യം യുവാവിനെ വെട്ടിലാക്കി. ഒടുവില്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാ സത്യവും തുറന്നു പറഞ്ഞു. ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും കാമുകി ആവശ്യപ്പെട്ടതുപ്രകാരമാണ് എത്തിയതെന്നും യുവാവ് പറഞ്ഞു. ഒടുവില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇതിനിടയില്‍ 1.45 ആയപ്പോള്‍ യുവാവിന്റെ ഫോണിലേക്ക് കാമുകിയുടെ ഫോണ്‍ വന്നു. ഫോണ്‍ എടുത്ത പൊലീസ് അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടി പ്രണയപരവശയായി. താന്‍ ഉറങ്ങാതെ കാത്തിരിക്കുകയാണെന്നും എവിടെ എത്തിയെന്നുമായിരുന്നു ചോദ്യം.എന്നാല്‍ പൊലീസ് മറുപടിയൊന്നും പറയാതെ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. പിന്നെയും നിരന്തരം കോളുകളും മെസേജുകളും വന്നുകൊണ്ടിരുന്നു. സത്യം മനസ്സിലാക്കിയ പൊലീസ് നേരം പുലര്‍ന്നപ്പോള്‍ യുവാവിന്റെ വീട്ടില്‍ വിളിച്ചറിയിച്ച് താക്കീതും ചെയ്ത് വിട്ടയക്കുകയായിരുന്നു.