പുത്തിഗെയില്‍ അധികാരം നിലനിറുത്താനും പിടിച്ചെടുക്കാനും മുന്നണികള്‍; തെരഞ്ഞെടുപ്പ്‌ ചൂട്‌ കൂടുന്നു

0
28

പുത്തിഗെ: സി.പി.എം ഭരണത്തിലുള്ള പുത്തിഗെ പഞ്ചായത്തില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിനു കളമൊരുങ്ങുന്നു.ഭരണം നിലനിര്‍ത്താന്‍ സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷവും ഭരണം പിടിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും എല്ലാ അവസാന അടവുകളും ആസൂത്രണം ചെയ്‌തുകൊണ്ടിരിക്കുന്നു.14 അംഗ പഞ്ചായത്തില്‍ കഴിഞ്ഞ തവണ 10 സീറ്റുകള്‍ ഇടതുപക്ഷം തൂത്തുവാരിയിരുന്നു. ഇതില്‍ എട്ടു സീറ്റ്‌ സിപിഎമ്മും ഒരെണ്ണം സി.പി.എംസ്വതന്ത്രനും ഒരു സീറ്റ്‌ സിപിഐക്കുമായിരുന്നു. 1,2,3,4,5,7,13,14 എന്നീ വാര്‍ഡുകളില്‍ സി.പി.എം പ്രതിനിധികള്‍ ജയിച്ചപ്പോള്‍ 12ല്‍ സിപിഎം സ്വതന്ത്രനും 11ല്‍ സി.പി.ഐയും വിജയപതാക പാറിച്ചു. 10-ാം വാര്‍ഡില്‍ ബി.ജെ.പി വിജയിച്ചു. ആറ്‌, ഒന്‍പത്‌ വാര്‍ഡുകളില്‍ മുസ്ലീംലീഗ്‌ വിജയിച്ചപ്പോള്‍ എട്ടാം വാര്‍ഡില്‍ മുസ്ലീംലീഗ്‌ വിമതന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മലര്‍ത്തിയടിച്ചു. പിന്നീട്‌ ഇദ്ദേഹം മുസ്ലീംലീഗില്‍ ചേരുകയും ചെയ്‌തു.
കഴിഞ്ഞ 5 വര്‍ഷത്തെ പഞ്ചായത്തിലെ ഭരണ നേട്ടമാണ്‌ സി.പി.എം ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നത്‌. പദ്ധതി വിഹിതംതൊഴിലുറപ്പ്‌ പരിപാടിയടക്കം പഞ്ചായത്തിലെ വികസനക്ഷേമ പദ്ധതികളെല്ലാം രാഷ്‌ട്രീയം നോക്കാതെ 14 വാര്‍ഡുകള്‍ക്കും ഒരുപോലെ വീതിച്ചു നല്‍കിയെന്നു നേതാക്കള്‍ അവകാശപ്പെടുന്നു. വികസന രംഗത്തു ഇടതുമുന്നണി പഞ്ചായത്തില്‍ വലിയ മുന്നേറ്റം നടത്തി.അത്‌ കൊണ്ടു തന്നെ ജനങ്ങള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്നു നേതാക്കള്‍ പ്രത്യാശിക്കുന്നു.
അതേസമയം കഴിഞ്ഞ തവണ ഒരു സീറ്റ്‌ കൊണ്ടുതൃപ്‌തിപ്പെടേണ്ടി വന്ന ബി.ജെ.പി വലിയ മുന്നേറ്റത്തിനുള്ള പടയൊരുക്കം പഞ്ചായത്തില്‍ ആരംഭിച്ചു. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ തോല്‍വി ഏറ്റു വാങ്ങേണ്ടി വന്ന അഞ്ചു വാര്‍ഡുകള്‍ ഇത്തവണ തിരിച്ചു പിടിക്കുമെന്നു നേതൃത്വം പറയുന്നു.
പഞ്ചായത്തില്‍ ഇടതുപക്ഷം അഴിമതി ഭരണമാണ്‌ നടത്തുന്നതെന്ന്‌ ജനങ്ങള്‍ക്ക്‌ മനസ്സിലായിട്ടുണ്ടെന്നാണ്‌ അവരുടെ അഭിപ്രായം. അഴിമതിയെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നു. തൊഴിലുറപ്പ്‌ പദ്ധതിയില്‍ വന്‍ ക്രമക്കേട്‌ നടന്നിട്ടുണ്ടെന്നും ബി.ജെ.പി നേതാക്കന്മാര്‍ പറയുന്നു. യു.ഡി.എഫിനു വലിയ പ്രതീക്ഷയാണ്‌ പുത്തിഗെയില്‍ ഈ തെരഞ്ഞെടുപ്പിലുള്ളത്‌. കഴിഞ്ഞ തവണ ലഭിച്ച മൂന്നു സീറ്റുകള്‍ നിലനിര്‍ത്തുകയും പുതുതായി നാലു വാര്‍ഡുകളില്‍ വിജയ കിരീടം ചൂടുകയുമാണ്‌ അവരുടെ ലക്ഷ്യം. അത്‌ തെരഞ്ഞെടുപ്പില്‍ ഉറപ്പാക്കുമെന്നും പഞ്ചായത്തുഭരണം പിടിക്കാനാകുമെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു. ഫണ്ട്‌ വിതരണത്തില്‍ ഭരണകക്ഷിയായ സി.പി.എം ചിറ്റമ്മ നയമാണ്‌ പ്രതിപക്ഷത്തോട്‌ കാണിക്കുന്നത്‌.യു.ഡി.എഫ്‌ വാര്‍ഡുകളില്‍ ഫണ്ട്‌ നല്‍കിയിട്ടില്ല. പഞ്ചായത്ത്‌ ഓഫീസില്‍ തന്നെ അഴിമതി നടന്നു. ഇതു ജനങ്ങളോട്‌ തുറന്നു പറയുമെന്നും യു.ഡി.എഫ്‌ ഭാരവാഹികള്‍ പറയുന്നു.
കര്‍ഷകരും കര്‍ഷക തൊഴിലാളികളും കൂടുതലുള്ള പഞ്ചായത്താണ്‌ പുത്തിഗെ. തുളുനാട്ടില്‍ സി.പി.എം ശക്തി കേന്ദ്രമായി അറിയപ്പെടുന്ന പുത്തിഗെയില്‍ ബി.ജെ.പിയും യു.ഡി.എഫും പ്രബല ശക്തികളാണ്‌. അതേ സമയം ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്നു പ്രവചിക്കാനാവാത്ത അവസ്ഥയാണ്‌ പഞ്ചായത്തിലിപ്പോള്‍ പ്രകടമാവുന്നത്‌.

NO COMMENTS

LEAVE A REPLY