കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. മേല്‍പറമ്പ്, പള്ളിപ്പുറത്തെ വയറിംഗ് തൊഴിലാളി ഗണേഷിന്റെ ഭാര്യ തൃക്കണ്ണാട്, പുത്യക്കോടിയിലെ നീഷ്മ (20)യാണ് മരിച്ചത്. ഒക്ടോബര്‍ 30ന് ആയിരുന്നു നീഷ്മയെ കന്നിപ്രസവത്തിനായി കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ഒന്‍പതിനാണ് പ്രസവ തീയ്യതിയായി ഡോക്ടര്‍ പറഞ്ഞിരുന്നത്.
ഇതിനിടയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് നീഷ്മയ്ക്കു തളര്‍ച്ച ഉണ്ടാവുകയായിരുന്നുവെന്നു പറയുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും യുവതിയുടെ നില ഗുരുതരമായതിനാല്‍ അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റിയെങ്കിലും വൈകുന്നേരം ആറരമണിയോടെ മരണം സംഭവിക്കുകയായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന ഗണേശനും നീഷ്മയും തമ്മിലുള്ള വിവാഹം 2019 നവംബര്‍ മാസത്തിലായിരുന്നു. പുത്യക്കോടിയിലെ ശേഖരയുടെയും ബീഡിതൊഴിലാളിയായ കുസുമത്തിന്റെയും മകളാണ്. സഹോദരന്: നിധീഷ്(പെരിയ ഗവ. പോളി ടെക്നിക്ക് വിദ്യാര്‍ത്ഥി). മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി.