നീലേശ്വരത്ത്‌ സ്റ്റീല്‍ ബോംബ്‌ പൊട്ടിത്തെറിച്ചു; ഒരാള്‍ക്കു പരിക്ക്‌

0
13


നീലേശ്വരം: 25 വര്‍ഷമായി ആള്‍ താമസമില്ലാത്ത വീടു പൊളിച്ചു മാറ്റുന്നതിനിടയില്‍ സ്റ്റീല്‍ ബോംബെന്നു സംശയിക്കുന്ന വസ്‌തു ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു. തൊഴിലാളിയായ നാരായണന്‍ എന്നയാള്‍ക്കു പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ബോംബ്‌ സ്‌ക്വാഡും ഫോറന്‍സിക്‌ അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചു.നീലേശ്വരം, കുഞ്ഞിപ്പുളിക്കാലിലാണ്‌ സംഭവം. ആള്‍ താമസമില്ലാത്ത വീട്‌ പൊളിച്ചു മാറ്റുകയായിരുന്നു തൊഴിലാളികള്‍. ആവശ്യമില്ലാത്ത വസ്‌തുക്കള്‍ വീട്ടില്‍ നിന്നു പുറത്തേയ്‌ക്ക്‌ വലിച്ചെറിയുന്നതിനിടയില്‍ സ്റ്റീല്‍ ബോംബെന്നു സംശയിക്കുന്ന വസ്‌തു സമീപത്തെ തെങ്ങില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയത്ത്‌ ചീളു തെറിച്ചാണ്‌ തൊഴിലാളിയായ നാരായണനു പരിക്കേറ്റത്‌. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തെങ്ങിനും കേടുപാടുണ്ടായി.
എന്നാല്‍ സ്‌ഫോടന സംഭവം രഹസ്യമാക്കിവയ്‌ക്കുകയായിരുന്നുവെന്നും വൈകുന്നേരത്തോടെയാണ്‌ വിവരം പുറത്തായതെന്നും പറയുന്നു. തുടര്‍ന്ന്‌ നീലേശ്വരം പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.സുനില്‍ കുമാര്‍, എസ്‌.ഐ വി.മോഹനന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
ബോംബിന്റെ അവശിഷ്‌ടങ്ങള്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.
അതേസമയം കുഞ്ഞിപ്പുളിക്കാലില്‍ ഉണ്ടായ സ്‌ഫോടനം രാഷ്‌ട്രീയ വിവാദത്തിനു ഇടയാക്കി. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന്‌ യു.ഡി.എഫ്‌ നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എറുവാട്ടു മോഹനനും വിശദമായ അന്വേഷണം വേണമെന്ന്‌ യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറി ടിടി സാഗറും ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY