കാസര്‍കോട്ട്‌ ആറ്‌ ഡ്രൈവര്‍മാര്‍ക്ക്‌ കോവിഡ്‌; കെ എസ്‌ ആര്‍ ടി സി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു

0
18

കാസര്‍കോട്‌: കെ എസ്‌ ആര്‍ ടി സി ഡിപ്പോയിലെ ആറു ഡ്രൈവര്‍മാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന്‌ ഇവരുമായി നേരിട്ട്‌ സമ്പര്‍ക്കം ഉണ്ടായിരുന്ന 40 ഡ്രൈവര്‍മാര്‍ നിരീക്ഷണത്തില്‍ പോയി.
ഡിപ്പോയില്‍ ആകെയുള്ള 110 ഡ്രൈവര്‍മാരില്‍ 46 പേരും ചികിത്സയിലും നിരീക്ഷണത്തിലുമായതോടെ ഒന്‍പതു സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു.
തലപ്പാടി, കണ്ണൂര്‍, പെര്‍ള, മുള്ളേരിയ റൂട്ടിലെ സര്‍വ്വീസുകളാണ്‌ വെട്ടിക്കുറച്ചത്‌.
കോവിഡ്‌ കാലത്തിനു മുമ്പ്‌ കാസര്‍കോട്‌ ഡിപ്പോയില്‍ നിന്നു 92 ഷെഡ്യൂളുകളാണ്‌ ഉണ്ടായിരുന്നത്‌. ലോക്ക്‌ ഡൗണ്‍ പിന്‍വലിച്ചതോടെ 44 ഷെഡ്യൂള്‍ സര്‍വ്വീസ്‌ ആരംഭിക്കുകയായിരുന്നു. ഡ്രൈവര്‍മാര്‍ക്ക്‌ ഇപ്പോള്‍ കോവിഡ്‌ സ്ഥിരീകരിച്ചതോടെ സര്‍വ്വീസുകളുടെ എണ്ണം 35 ഷെഡ്യൂളുകളായി കുറഞ്ഞു.അതേസമയം ജില്ലയില്‍ ഇന്നലെ 216 പേര്‍ക്കു കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഇവരില്‍ 207 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ്‌ രോഗബാധ ഉണ്ടായത്‌. ഇതില്‍ നാലുപേര്‍ വിദേശത്തു നിന്നു എത്തിയവരും അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്‌.

NO COMMENTS

LEAVE A REPLY