കോട്ടിക്കുളം മേല്‍പാല നിര്‍മ്മാണം വൈകുന്നു

0
127

പാലക്കുന്ന്‌ : നിര്‍ദ്ദിഷ്ട കോട്ടിക്കുളം റെയില്‍വേ മേല്‍പാല നിര്‍മ്മാണത്തിന്‌ ടെണ്ടര്‍ ക്ഷണിക്കാന്‍ വൈകുന്നത്‌ റെയില്‍വേ അധികൃതരുടെ അനുമതി ലഭിക്കാനുള്ള കാലതാമസംമൂലമാണെന്ന്‌ പരാതി. കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കേരള റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷനെയാണ്‌ സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുള്ളത്‌. കിഫ്‌ബി 19.60 കോടി രൂപ അതിനായി അനുവദിക്കുകയും ചെയ്‌തു. സംഗമ സ്ഥാനത്തെ ‘ബെല്‍മൗത്ത്‌സി’ന്‌ ആവശ്യമായതൊഴികെയുള്ള ഭൂമി റയില്‍വേ നേരത്തേ ഇതിനായി വാങ്ങിയിട്ടുണ്ട്‌. 2.47 കോടി രൂപ കൊടുത്ത്‌ വാങ്ങിയിട്ടുള്ള 0.4739 ഹെക്ടര്‍ ഭൂമിയുടെ വില `അഡ്‌ജസ്റ്റ്‌’ ചെയ്യണമെന്ന്‌ റെയില്‍വേ സംസ്ഥാന സര്‍ക്കാരിനോട്‌ പിന്നീട്‌ ആവശ്യപ്പെട്ടു. ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റെയില്‍വേയില്‍ നിന്ന്‌ സംസ്ഥാനത്തിന്റെ പേരിലേക്ക്‌ മാറ്റി നല്‍കണമെന്ന ഉപാധിയോടെ സംസ്ഥാനം തങ്ങളുടെ സമ്മതം ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരെ അറിയിച്ചിരുന്നു. നാളിതുവരെ അവിടെ നിന്ന്‌ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും റയില്‍വേയുടെ അനുമതി കിട്ടിയശേഷമേ മേല്‍പാല നിര്‍മ്മാണത്തിന്റെ ജോലിക്കാവശ്യമായ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ആര്‍.ബി.ഡി.സി.കെ. മാനേജിങ്‌ ഡയറക്ടര്‍ വ്യക്തമാക്കുന്നു. പാലം നിര്‍മ്മാണം ഉടനെ ആരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മന്ത്രി ജി.സുധാകരന്‌
പാലക്കുന്ന്‌ കഴകം കരിപ്പോടി പ്രാദേശിക സമിതി ഭാരവാഹികള്‍ നേരിട്ട്‌ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ്‌ എം.ഡി. ഇക്കാര്യം അറിയിച്ചത്‌.
മേല്‍പ്പാല നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ചു കരിപ്പോടി പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ വിവിധ സാമൂഹിക, രാഷ്ട്രീയ, സാമുദായിക സംഘടനകളെ പങ്കെടുപ്പിച്ചു നേരത്തെ പാലക്കുന്നില്‍ ഏകദിന സൂചനാ ഉപവാസ സമരം നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY