വിനോദസഞ്ചാര മേഖലയില്‍ അനന്ത സാധ്യതകളുമായി മൊഗ്രാല്‍

0
55

മൊഗ്രാല്‍: വിനോദസഞ്ചാര മേഖലയില്‍ അനന്തസാധ്യതകള്‍ വെട്ടിത്തുറന്ന്‌ മൊഗ്രാല്‍ പുഴയോരവും കടലോരവും. മൊഗ്രാലിലെ വിവിധ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട്‌ കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്നതാണ്‌ മൊഗ്രാല്‍ പുഴയോരം. മൂന്ന്‌ കിലോമീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്നതാണ്‌ നാങ്കി മുതല്‍ കൊപ്പളം വരെയുള്ള കടലോര പ്രദേശം. പുഴയില്‍നിന്ന്‌ തോണിയിലൂടെ സഞ്ചരിച്ചാല്‍ അങ്ങ്‌ അറബി കടലില്‍ ചെന്ന്‌ ചേരാനും സാധിക്കും.ജലഗതാഗത രംഗത്ത്‌ മുമ്പേ അറിയപ്പെട്ടിരുന്ന പ്രദേശമാണ്‌ മൊഗ്രാല്‍ പുഴയോരവും കടവും. മൊഗ്രാല്‍ പാലം ഇല്ലാതിരുന്ന കാലത്ത്‌ തോണികളായിരുന്നു ഇവിടെ ജലഗതാഗതത്തിന്‌ ഉപയോഗിച്ചിരുന്നത്‌. റോഡ്‌ ഗതാഗതം അഭിവൃദ്ധി പ്രാപിച്ചതോടെയായിരുന്നു മൊഗ്രാല്‍ പുഴയിലെ ജലഗതാഗതം അന്യമായത്‌. മാലിന്യനിക്ഷേപ കേന്ദ്രമായിരുന്നു പുഴയും, പുഴയോരവും. മൊഗ്രാല്‍ ദേശീയവേദിയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളും, പ്രദേശ വാസികളും നിരന്തരമായി നടത്തിയ സമരങ്ങള്‍ മൂലം ഒരുപരിധിവരെ മാലിന്യ നിക്ഷേപത്തിന്‌ തടയിടാന്‍ കഴിഞ്ഞു. വരും കാലത്തെ മുന്നില്‍ കണ്ടുകൊണ്ട്‌ ഭാവനാപൂര്‍ണമായ നടപടികളിലൂടെ മൊഗ്രാല്‍ പുഴയോരവും, കടലോരവും ടൂറിസം വികസനത്തിലൂടെ മാറ്റിയെടുക്കാനാകുമെന്ന്‌ നാട്ടുകാര്‍ വിശ്വസിക്കുന്നു. നാടിന്റെ ചരിത്രവും, പാരമ്പര്യവും പരിചയപ്പെടാനും, ആരോഗ്യ പരിപാലനത്തിനുള്ള തനതു രീതികള്‍ പരീക്ഷിച്ചു നോക്കാനുമൊക്കെ ഇവിടെ സൗകര്യമൊരുക്കണം. ഇതിന്‌ പറ്റിയ ഇടം കൂടിയാണ്‌ മൊഗ്രാല്‍ കടലോരവും പുഴയോരവും. ജലവാഹിനിയുടെ പ്രദേശങ്ങള്‍ കൂട്ടിയിണക്കി കാസര്‍കോട്‌ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക്‌ വഴി തുറക്കണമെന്ന ആവശ്യവുമായി മൊഗ്രാല്‍ ദേശീയവേദി രംഗത്തുവന്നു.ഇതോടൊപ്പം മൊഗ്രാല്‍ കടലോര സൗന്ദര്യവല്‍ക്കരണ പദ്ധതി നടപ്പിലാക്കണമെന്നാണ്‌ മറ്റൊരു ആവശ്യം. മൊഗ്രാലിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട്‌ ജില്ലാ വികസന പാക്കേജ്‌ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്കും, കുമ്പള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌, സെക്രട്ടറി, വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കും ദേശീയവേദി ഭാരവാഹികള്‍ നിവേദനം നല്‍കി. ഭാരവാഹികളായ മുഹമ്മദ്‌ അബ്‌കോ, എം എം റഹ്മാന്‍, ടി കെ ജാഫര്‍, എം എ മൂസ, പി എം മുഹമ്മദ്‌ കുഞ്ഞി, ഇബ്രാഹിം ഖലീല്‍, വിജയകുമാര്‍, എക്‌സിക്യൂട്ടീവ്‌ അംഗമായ ടി കെ അന്‍വര്‍ എന്നിവരാണ്‌ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നത്‌.

NO COMMENTS

LEAVE A REPLY