നാടിനെ വിറപ്പിച്ച്‌ വീണ്ടും കാട്ടാനക്കൂട്ടം; വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

0
38

കാനത്തൂര്‍: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ അക്രമണം. ഇന്നലെ രാത്രിയും കാട്ടാനക്കൂട്ടം വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.
കൊട്ടംകുഴി, മൂടേംവീട്‌ എന്നിവിടങ്ങളിലാണ്‌ ഇന്നലെ രാത്രി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്‌. കൊട്ടംകുഴിയില്‍ ബാലകൃഷ്‌ണന്‍, മണികണ്‌ഠന്‍, രാധ, ശ്രീധരന്‍ എന്നിവരുടെ കാര്‍ഷിക വിളകളാണ്‌ നശിപ്പിച്ചത്‌. ഇവരുടെ തോട്ടത്തിലെ വാഴ, കവുങ്ങ്‌, തെങ്ങുകള്‍ എന്നിവ കാട്ടനക്കൂട്ടം നശിപ്പിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ നാശനഷ്‌ടം ഉണ്ടായത്‌ രാധയുടെ തോട്ടത്തിലാണ്‌.
കാനത്തൂര്‍ മൂടേംവീട്ടില്‍ വി മാധവന്‍, വി രാഘവന്‍ എന്നിവരുടെ കൃഷിത്തോട്ടത്തിലും കാട്ടാനകള്‍ കയറി കവുങ്ങ്‌, വാഴ, കുലച്ച തെങ്ങുകള്‍ എന്നിവ നശിപ്പിച്ചു. കഴിഞ്ഞ കുറെ നാളുകളായി കാട്ടാനക്കൂട്ടത്തിന്റെ ഭീതിയിലാണ്‌ ഈ മേഖലയിലുള്ള പ്രദേശവാസികള്‍. നാട്ടില്‍ ഭീതി പരത്തുന്ന കാട്ടാനകളെ നാട്ടുകാരും വനപാലകരും ചേര്‍ന്ന്‌ ഉള്‍ക്കാട്ടിലേക്ക്‌ തിരിച്ചയക്കാന്‍ ജീവന്‍ പണയം വച്ച്‌ നടത്തുന്ന ശ്രമങ്ങളല്ലാതെ കാട്ടാന ശല്ല്യം അവസാനിപ്പിക്കാനുള്ള ശാശ്വത പരിഹാരമൊന്നും ഇതുവരെ കാണാന്‍ കഴിയാത്തത്‌ നാട്ടുകാരെ വല്ലാതെ ഭീതിയിലാക്കുകയാണ്‌. രണ്ട്‌ കാട്ടാനകള്‍ ഇപ്പോഴും നെയ്യംകയം-കൊട്ടംകുഴി വനേമേഖലയില്‍ സ്ഥാപിച്ച സോളാര്‍ വേലിയുടെ പടിഞ്ഞാറ്‌ വശത്തും ഏഴ്‌ ആനകള്‍ കിഴക്ക്‌ വശത്ത്‌ അരമനടുക്കത്തും നിലയുറപ്പിച്ചിട്ടുണ്ട്‌. ഇതോടെ ഈ പ്രദേശത്ത്‌ താമസിക്കുന്ന കുടുംബങ്ങള്‍ ഭീതിയിലാണ്‌. കഴിഞ്ഞ ദിവസം പ്രദേശത്ത്‌ ആക്രമണം നടത്തിയ കാട്ടാനയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന്‌ ജീവന്‍പണയം വെച്ച്‌ ഓടിച്ചിരുന്നു. എന്നാല്‍ ആന ഉള്‍ക്കാട്ടിലേക്ക്‌ കയറാതെ വീണ്ടും തിരിച്ചുവരുന്ന കാഴ്‌ച്ചയാണ്‌ കണ്ടത്‌. ഓടിച്ച ആനയെ പുലിപ്പറമ്പ്‌ കടത്തി സോളാര്‍ വേലി കെട്ടാനായിരുന്നു പരിപാടി. എന്നാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്ത്‌ നടക്കുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തെ തുടര്‍ന്ന്‌ നിരവധി കാര്‍ഷിക വിളകളാണ്‌ നശിച്ചത്‌. ഇതോടെ വരുമാന മാര്‍ഗ്ഗം നിലച്ച ഇവിടുത്തെ കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലാണ്‌. കാട്ടാനയുടെ ആക്രമണത്തില്‍ കൃഷിനാശം സംഭവിച്ച പാണൂര്‍ മേഖലയിലെ സ്ഥലങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

NO COMMENTS

LEAVE A REPLY