റെയ്‌ഡിനെത്തിയ വനിതാ സിവില്‍ പൊലീസ്‌ ഓഫീസറോട്‌ മോശം പെരുമാറ്റം; യുവാവ്‌ പിടിയില്‍

0
33

സീതാംഗോളി: അനധികൃത മദ്യം കണ്ടെത്താനെത്തിയ എക്‌സൈസ്‌ സംഘത്തില്‍ ഉണ്ടായിരുന്ന വനിതാ സിവില്‍ എക്‌സൈസ്‌ ഓഫീസറെ അശ്ലീല ചുവയോടെ നോക്കിയ യുവാവിനെ കൈയ്യോടെ പിടികൂടി. ബാഡൂരിലെ ജഗദീശ്‌ ആണ്‌ പിടിയിലായത്‌. ഇയാള്‍ക്കെതിരെ കേസെടുത്ത ശേഷം വിട്ടയച്ചതായി ബദിയഡുക്ക പൊലീസ്‌ പറഞ്ഞു. കുമ്പള എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ സി എച്ച്‌ മോഹനന്റെ നേതൃത്വത്തില്‍ ബാഡൂരിലും പരിസരങ്ങളിലും റെയ്‌ഡിനെത്തിയ സംഘത്തിലെ അംഗമാണ്‌ പരാതിക്കാരി. വനിതാ ഓഫീസര്‍ മാത്രം വാഹനത്തില്‍ ഇരുന്നു മറ്റുള്ളവര്‍ മദ്യ പരിശോധന നടത്തുകയായിരുന്നു. ഇതിനിടയില്‍ കാറില്‍ ഉണ്ടായിരുന്ന ജഗദീശ്‌ കണ്ണുരുട്ടുകയും അശ്ലീല ചുവയോടെ നോക്കുകയുമായിരുന്നുവെന്ന്‌ പരാതിയില്‍ പറഞ്ഞു. യുവാവിന്റെ പെരുമാറ്റത്തെ ഉദ്യോഗസ്ഥ ചോദ്യം ചെയ്‌തപ്പോള്‍ ഉണ്ടായ ബഹളം കേട്ട്‌ സഹ പ്രവര്‍ത്തകര്‍ ഓടിയെത്തുകയായിരുന്നു. ഇതിനിടയില്‍ പൊലീസുമെത്തി പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നുവെന്ന്‌ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY