മുഖ്യമന്ത്രിക്ക്‌ എപ്പോള്‍ ജയിലില്‍ ആകുമെന്ന ആധി: മുല്ലപ്പള്ളി

0
19

കാസര്‍കോട്‌: എപ്പോള്‍ ജയിലില്‍ പോകുമെന്ന ആധിയിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയനെന്നു കെ.പി.സി.സി പ്രസിഡണ്ട്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.ഡിസിസി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി യു.ഡി.എഫിന്‌ പുറത്തുള്ള കക്ഷികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ്‌ ചര്‍ച്ച നടത്തിയെന്ന വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വെളിപ്പെടുത്തല്‍ മുല്ലപ്പള്ളി തള്ളിക്കളഞ്ഞു. 23ന്‌ ചേരുന്ന യു.ഡി.എഫ്‌ നേതൃയോഗം തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നാലര വര്‍ഷം മുമ്പ്‌ വിജിലന്‍സ്‌ തെളിവില്ലെന്ന്‌ കണ്ട്‌ അവസാനിപ്പിച്ച ബാര്‍കോഴക്കേസ്‌ വീണ്ടും ചര്‍ച്ചയാക്കുന്നതിന്‌ പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുണ്ട്‌. ആര്‍ക്ക്‌ വേണ്ടിയാണ്‌ ബിജു രമേശ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ പുതിയ ആരോപണവുമായി വരുന്നതെന്ന്‌ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഇരട്ടത്താപ്പാണ്‌ കാട്ടുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.ബിജു രമേശ്‌ അന്ന്‌ ഉയര്‍ത്തിയ ആരോപണങ്ങളിലെല്ലാം വിജിലന്‍സ്‌ അന്വേഷണം നടത്തിയതാണ്‌. അവസാനിപ്പിച്ച കേസില്‍ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ വീണ്ടും ആരോപണവുമായി എത്തുന്നതിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത്‌ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ പരാജയമാണ്‌. കേരളത്തില്‍ ഇപ്പോള്‍ ഭരണം നടക്കുന്നില്ല. നിരവധി ആരോപണങ്ങളില്‍പ്പെട്ട്‌ ഉലയുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എപ്പോള്‍ തങ്ങള്‍ ജയിലിലാകുമെന്ന ആധിയിലാണ്‌. അതുകൊണ്ടുതന്നെ അവര്‍ എല്ലാം കൈവിട്ട നിലയിലാണ്‌. അതാണ്‌ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാന്‍ ഇടയാക്കിയതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി.അനില്‍ കുമാര്‍, എ.രതികുമാര്‍, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്‌ണന്‍ പെരിയ, ഡിസിസി പ്രസിഡണ്ട്‌ ഹക്കീം കുന്നില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY