നവരാത്രി ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി

0
8

കാസര്‍കോട്‌: തിന്മയ്‌ക്ക്‌ മേല്‍ നന്മനേടിയ വിജയം ഓര്‍മ്മിപ്പിച്ച്‌ നവരാത്രി ആഘോഷങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം. എന്നാല്‍ കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ കഴിഞ്ഞ കാലങ്ങളില്‍ നടന്നതുപോലെയുള്ള ആഘോഷ പൊലിമ ഇക്കുറിയുണ്ടാകില്ല.ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ചടങ്ങുകളും ഉണ്ടെങ്കിലും ഭക്തരുടെ ആള്‍ക്കൂട്ടം അനുവദിക്കില്ല. ജില്ലയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക്‌ അധികൃതര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്‌.
ഒന്‍പത്‌ ദിവസങ്ങളിലായി ഒന്‍പത്‌ വ്യത്യസ്‌ത ഭാവങ്ങളില്‍ ദേവിയെ ആരാധിക്കുന്നതാണ്‌ നവരാത്രി ദിനങ്ങളിലെ പ്രത്യേകത. ദേവിയെ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്‌മിയായും പിന്നീടുള്ള മൂന്നുദിവസം സരസ്വതിയായും സങ്കല്‍പ്പിച്ചാണ്‌ പൂജയും ചടങ്ങുകളും നടക്കുന്നത്‌. ഗ്രന്ഥപൂജ, വാഹനപൂജ, ആയുധപൂജ, ആദ്യാക്ഷരം കുറിക്കല്‍ എന്നിവ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുകളാണ്‌. എന്നാല്‍ ഈ ചടങ്ങുകള്‍ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വിജയദശമി ദിനത്തിലെ വിദ്യാരംഭത്തോടെയാണ്‌ നവരാത്രി ആഘോഷങ്ങള്‍ക്ക്‌ പരിസമാപ്‌തിയാകുന്നത്‌.മല്ലം ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ദിവസങ്ങളില്‍ എല്ലാ ദിവസവും വിശേഷാല്‍ പൂജകളും നവമി ദിവസം ചണ്ഡികാ ഹോമവും നടക്കും. മൂലം നക്ഷത്ര ദിവസം മുതല്‍ വിജയദശമി വരെ സരസ്വതി പൂജയും ഉണ്ടാകും.അതേസമയം തുലാഭാരം, വാഹനപൂജ, വിദ്യാരംഭം, സത്യനാരായണ പൂജ, അന്നദാനം എന്നിവ ഇത്തവണ ഉണ്ടാകില്ല. കൊറക്കോട്‌ ആര്യ കാത്ത്യായനി ശ്രീ മഹാദേവി ക്ഷേത്രം നവരാത്രി മഹോത്സവവും കോവിഡ്‌ നിയന്ത്രണങ്ങളോടെ നടക്കും. എല്ലാ ദേവീ ക്ഷേത്രങ്ങളും ആചാര ചടങ്ങുകളോടും നിയന്ത്രണങ്ങള്‍ക്കു വിധേയമായും നവരാത്രി ആഘോഷിക്കും.

NO COMMENTS

LEAVE A REPLY